Thursday, 23rd January 2025
January 23, 2025

കള്ളപ്പണം വെളുപ്പിക്കല്‍; ഐശ്വര്യ റായിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്……

  • December 20, 2021 11:56 am

  • 0

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. പാനമ പേപ്പര്‍ വിവരങ്ങളുമായി ബന്ധപ്പെട്ടാണ് ഐശ്വര്യയ്ക്ക് ഇ.ഡി മൂന്നാം തവണയും നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ രണ്ട് തവണയും നോട്ടീസ് നല്‍കിയപ്പോഴും ഐശ്വര്യ ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടിക 2016ലാണ് വെളിപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് ഐശ്വര്യയ്ക്ക് നേരത്തെ രണ്ട് തവണ നോട്ടീസ് അയച്ചത്.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 2000 മുതല്‍ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് ഐശ്വര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഐശ്വര്യ എപ്പോള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.