Tuesday, 22nd April 2025
April 22, 2025

രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുന്നു, മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്നും സൂചന

  • December 17, 2021 11:53 am

  • 0

ന്യൂഡൽഹി: കടുത്ത ആശങ്ക ഉയർത്തി രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുന്നു. കർണാടക, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ പുതുതായി 10 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 83 ആയി ഉയർന്നു. പുതിയ കേസുകളിൽ അഞ്ചെണ്ണം കർണാടകയിൽ നിന്നാണ് റിപ്പോർട്ടുചെയ്തത്. ഡൽഹിയിൽ നാലെണ്ണവും ഗുജറാത്തിൽ ഒരു കേസുമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 32 എണ്ണം. രാജസ്ഥാനിൽ 17 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ അഞ്ചുകേസുകളും . ഡിസംബർ രണ്ടിന് കർണാടകയിലാണ് ഒമിക്രോൺ രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത്.

ഒമിക്രോൺ കേസുകളുടെ എണ്ണം കൂടിയതോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിക്കുകയാണ്. ഡെൽറ്റ വേരിയന്റിനെക്കാൾ 70 ശതമാനം കൂടുതൽ വ്യാപനശേഷി ഒമിക്രോണിനുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമായത്. രോഗവ്യാപനം രൂക്ഷമാകാതിരിക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യവും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ തയ്യാറെടുപ്പും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അവലോകനം ചെയ്തിരുന്നു.