Thursday, 23rd January 2025
January 23, 2025

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം നൽകുന്നതിൽ തെറ്റില്ല; നമ്മുടെ പ്രധാനമന്ത്രിയാണ്,​ എന്തിനാണ് അതിൽ ലജ്ജിക്കുന്നതെന്നും ഹൈക്കോടതി

  • December 13, 2021 4:45 pm

  • 0

കൊച്ചി: വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം മാറ്റണമെന്ന ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്നും കോടതി ചോദിച്ചു.

സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്‌സിൻ എടുക്കുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്‌ക്കുന്നത് എന്തിനാണെന്ന ഹർജിക്കാരൻ പീറ്റർ മാലിപ്പറമ്പിലിന്റെ പരാതി പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം.

വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി മോദിയുടെ പേരുണ്ടെങ്കിൽ എന്താണ് പ്രശ്നം? നിങ്ങൾ ജവഹർലാൽ നെഹ്രുവിന്റെ പേരിലുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്യുന്നത്, അദ്ദേഹവും പ്രധാനമന്ത്രിയാണ്. ആ പേരും നീക്കം ചെയ്യാൻ എന്തുകൊണ്ട് സർവകലാശാലയോട് ആവശ്യപ്പെടുന്നില്ല‘, ജസ്റ്റിസ് കുഞ്ഞികൃഷ്‌ണൻ ചോദിച്ചു.

മറ്റ് രാജ്യങ്ങളിൽ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ അതത് നേതാക്കളുടെ ഫോട്ടോകൾ ഇല്ലെന്ന ഹർജിക്കാരന്റെ അഭിഭാഷകന്റെ വാദം കേട്ട ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ മറുപടി ഇപ്രകാരമായിരുന്നു.

അവർ അവരുടെ പ്രധാനമന്ത്രിയെക്കുറിച്ച് അഭിമാനിക്കുന്നില്ല, ഞങ്ങളുടേതിൽ അഭിമാനിക്കുന്നു. ജനങ്ങളുടെ ജനവിധി കൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ഞങ്ങൾക്ക് വ്യത്യസ്‌ത രാഷ്ട്രീയ അഭിപ്രായങ്ങളുണ്ട്, പക്ഷേ അദ്ദേഹം ഇപ്പോഴും ഞങ്ങളുടെ പ്രധാനമന്ത്രിയാണ്,’ ജഡ്ജി പറഞ്ഞു.