ഹെലികോപ്ടർ അപകടം: ബിപിൻ റാവത്തിന്റെ ഭാര്യ മരിച്ചതായി റിപ്പോർട്ടുകൾ; മരണം 11
December 8, 2021 3:56 pm
0
ഊട്ടി: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഊട്ടിയ്‌ക്ക് സമീപം കൂനൂരിൽ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറാണ് തകർന്നത്. പതിനാല് പേരായിരുന്നു ഹെലികോപ്‌ടറിലുണ്ടായിരുന്നത്. പതിനൊന്ന് പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ബിപിൻ റാവത്തിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രദേശത്ത് പൊലീസും സൈനികരും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുനൂരിൽ നിന്ന് വെല്ലിംഗ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമദ്ധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയിൽ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. മോശം കാലാവസ്ഥയായിരുന്നു അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉന്നതതല മെഡിക്കൽ സംഘവും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.