Monday, 21st April 2025
April 21, 2025

63-ാമത് കേരള സ്‌കൂള്‍ കായികമേള

  • November 14, 2019 3:00 pm

  • 0

63-ാമത് കേരള സ്‌കൂള്‍ കായികോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനലാപ്പിലെ കുതിപ്പിലേക്കെത്തി. മാങ്ങാട്ടുപറമ്ബ് സിന്തറ്റിക് ട്രാക്ക് കൗമാരതാരങ്ങളെ വരവേല്‍ക്കാനൊരുങ്ങി. സിന്തറ്റിക് ട്രാക്ക് ശുചീകരണപ്രവൃത്തികള്‍ വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകും. പുതുതായൊരുക്കുന്ന താത്കാലിക ഗാലറികളുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. മത്സരങ്ങള്‍ക്കാവശ്യമായ കായികോപകരണങ്ങള്‍ ബുധനാഴ്ച രാത്രിയോടെ മാങ്ങാട്ടുപറമ്ബിലെത്തി. ഫോട്ടോ ഫിനിഷ് ക്യാമറ, ത്രോയിനങ്ങളിലെ ദൂരമളക്കാനുള്ള ഇലക്‌ട്രോണിക് ഉപകരണം, ഫാള്‍സ് സ്റ്റാര്‍ട്ട് ഡിറ്റക്ടര്‍ സിസ്റ്റം തുടങ്ങിയവയും എത്തിക്കാനുണ്ട്. ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാണ് മേളയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നത്.

സിന്തറ്റിക് ട്രാക്ക്

400 മീറ്ററുള്ള എട്ട് ട്രാക്കുകളാണ് സ്റ്റേഡിയത്തിലുള്ളത്. പുതുതായി നിര്‍മിച്ച ട്രാക്കായതിനാല്‍ മത്സരത്തിന് ഏറെ സൗകര്യപ്രദമാണ്. ലോങ് ജംപ് മത്സരങ്ങളുള്ള രണ്ട് പിറ്റുകളും റണ്ണിങ് ട്രാക്കുകളുമുണ്ട്. ട്രാക്കുകള്‍ വെള്ളമുപയോഗിച്ച്‌ ശുചീകരിക്കുന്ന പണിയാണ് നിലവില്‍ നടക്കുന്നത്. സിന്തറ്റിക് ട്രാക്കിലെ ഫിനിഷിങ് പോയിന്റില്‍ ഫോട്ടോ ഫിനിഷ് ക്യാമറ സ്ഥാപിക്കാനുള്ള പ്രത്യേക സ്റ്റാന്‍ഡും ഒരുക്കിയിട്ടുണ്ട്.

ത്രോ ഫീല്‍ഡ്

ഹാമര്‍ ത്രോ, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ തുടങ്ങിയ മത്സരങ്ങള്‍ക്ക് സിന്തറ്റിക് ട്രാക്കിന് നടുവിലായി 105 മീറ്റര്‍ നീളത്തിലുള്ള ത്രോ ഫീല്‍ഡ് ഉണ്ട്. ഹാമര്‍ എറിയുന്നതിനുമുന്‍പ് താരങ്ങള്‍ വട്ടംചുറ്റുന്ന ഹാമര്‍ റൊട്ടേഷന്‍ സര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഹാമര്‍ സര്‍ക്കിളിനുസമീപത്തുതന്നെയാണ് ജാവലിന്‍ ത്രോ മത്സരങ്ങള്‍ക്കുള്ള റണ്ണിങ് ട്രാക്കുള്ളത്. ഇതിന്റെ എതിര്‍വശത്താണ് ഷോട്ട്പുട്ട് മത്സരങ്ങള്‍ക്കുള്ള സര്‍ക്കിള്‍ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒരുസമയത്ത് ഒരുമത്സരം മാത്രമേ നടത്താനാകൂ. ത്രോയിനങ്ങള്‍ നടക്കുമ്ബോള്‍ വേറെ മത്സരങ്ങള്‍ നടത്തില്ലെന്നും ഈരീതിയിലാണ് മത്സരസമയം ക്രമീകരിച്ചിട്ടുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഗാലറി

ട്രാക്കിനോടുചേര്‍ന്ന് 600 പേര്‍ക്കിരിക്കാനുള്ള ചെറിയ പവലിയന്‍ കൂടാതെ രണ്ട് താത്കാലിക ഗാലറികളും കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഹാമര്‍ ത്രോ സര്‍ക്കിളിനടുത്ത് 600 പേര്‍ക്കിരിക്കാവുന്ന സ്ഥലത്ത് പന്തലിട്ട് സൗകര്യമൊരുക്കും. കൂടാതെ ഷോട്ട്പുട്ട് സര്‍ക്കിളിനടുത്ത് 1000 പേര്‍ക്കിരിക്കുന്ന താത്കാലിക ഗാലറിയും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ട്രാക്കിനുചുറ്റുമുള്ള കമ്ബിവേലിക്ക് പുറത്തുനിന്നും കാണികള്‍ക്ക് മത്സരങ്ങള്‍ ആസ്വദിക്കാം.

വാം അപ് ഗ്രൗണ്ട്

മത്സരത്തിനുമുന്‍പ് കായികതാരങ്ങള്‍ക്ക് പരിശീലിക്കാനുള്ള വാം അപ് ഗ്രൗണ്ട് സിന്തറ്റിക്ക് ട്രാക്കിന് താഴെയായാണ് നിര്‍മിച്ചിരിക്കുന്നത്. നൂറുമീറ്ററിലധികം നീളത്തിലാണ് പരിശീലന ഗ്രൗണ്ട് നിര്‍മിച്ചിരിക്കുന്നത്. ഇതിനോടുചേര്‍ന്ന് കോള്‍റൂമും ഒരുക്കിയിട്ടുണ്ട്.

മീഡിയ പവലിന്‍

ട്രാക്കിലെ ഫിനിഷിങ് പോയിന്റിന് സമീപത്താണ് ആറടിയിലധികം ഉയരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പവലിയന്‍ നിര്‍മിച്ചിട്ടുള്ളത്. വിജയികളുമായി അഭിമുഖംനടത്താനായി ഇതിനുസമീപത്തായി വിക്ടറി സ്‌പേസും ഫോട്ടോസെഷനുള്ള സൗകര്യങ്ങളും താത്കാലികമായി സജ്ജമാക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷന്‍

അത്ലറ്റിക് സ്റ്റേഡിയത്തിനുപുറത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ചെയ്യാനുള്ള സൗകര്യമുള്ളത്. 14 ജില്ലകള്‍ക്ക് 14 രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ ഇവിടെ സജ്ജമാണ്. കൂടാതെ കായികോത്സവത്തിന്റെ 17 സബ് കമ്മിറ്റി ഓഫീസുകളും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പോലീസ് എയ്ഡ് പോസ്റ്റും ഇതിനുള്ളിലാണ്.

ഭക്ഷണശാല

ഒരേസമയം 600 പേര്‍ക്കിരിക്കാവുന്ന ഭക്ഷണശാലയുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. സര്‍വകലാശാലാ കാമ്ബസിലെ കാന്റീനോടുചേര്‍ന്നാണ് ഭക്ഷണശാല ഒരുക്കിയിട്ടുള്ളത്. 15-ന് രാവിലെ 11മണിക്ക് പഴയിടം മോഹനന്‍ നമ്ബൂതിരി പാലുകാച്ചുന്നതോടെ ഭക്ഷണശാലയുടെ പ്രവര്‍ത്തനം ആരംഭിക്കും.

മറ്റ് സൗകര്യങ്ങള്‍

സ്റ്റേഡിയത്തിലെ പവലിയനിലും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമുള്ള ശൗചാലയങ്ങള്‍ കൂടാതെ വാം അപ് ഗ്രൗണ്ടില്‍ പുതിയ 10 ശൗചാലയങ്ങള്‍കൂടി ഒരുക്കുന്നുണ്ട്. കായികതാരങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യം ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലാണ് സജ്ജമാക്കുന്നത്. താരങ്ങള്‍ താമസിക്കുന്ന സ്‌കൂളുകളില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് സ്‌കൂള്‍ ബസ് സൗകര്യവുമുണ്ടാവും