എല്ലാ രാജ്യാന്തര യാത്രക്കാരെയും നിരീക്ഷിക്കണം, സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് 72 മണിക്കൂറിനകം പരിശോധന; ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം
December 3, 2021 3:51 pm
0
ന്യൂഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍.
പരിശോധന കൂട്ടണം, രാജ്യാന്തര യാത്രക്കാരെ നിരീക്ഷണം തുടങ്ങി വിവിധ നിര്‍ദേശങ്ങള്‍ അടങ്ങുന്ന കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അയച്ചു.
ഇന്നലെയാണ് വിദേശത്ത് നിന്ന് കര്‍ണാടകയില്‍ എത്തിയ രണ്ടു പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ജാഗ്രത വര്‍ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. പരിശോധന കൂട്ടി വ്യാപനം പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തില്‍ ഉള്ളത്. നേരത്തെ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരെ നിരീക്ഷിക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാരെ മുഴുവനും നിരീക്ഷിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു.
കോവിഡ് സ്ഥിരീകരിച്ചാല്‍ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരെ 72മണിക്കൂറിനകം ആര്‍ടി– പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കി എന്ന് ഉറപ്പാക്കണം. രാജ്യത്ത് ചില മേഖലകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായുള്ള ആശങ്ക നിലനില്‍ക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. അതേസമയം ഒമൈക്രോണിനെ നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ പറഞ്ഞു. ഒമൈക്രോണിന്റെ വ്യാപനതോതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കേണ്ടതുണ്ട്. നിലവില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഇതിനെ നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സജ്ജമെന്നും മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.