ശബരിമല യുവതീപ്രവേശ വിധി വിശാല ബെഞ്ചിലേക്ക്
November 14, 2019 11:25 am
0
ശബരിമല യുവതി പ്രവേശ വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി ആണ് വിധി പ്രസ്താവിച്ചത്.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി, ജഡ്ജിമാരായ ഇന്ദു മല്‍ഹോത്ര, എ.എം ഖാന്‍വല്‍ക്കര്‍ എന്നിവരാണ് ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടണമെന്ന് വിധി എഴുതിയത്. എന്നാല്‍ ജസ്റ്റീസുമാരായ നരിമാന്, ചന്ദ്രചൂഡ് എന്നിവര്‍ വിയോജിച്ച് വിധിന്യായമെഴുതി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാമെന്ന് 2018 സെപ്റ്റംബര്‍ 28നാണ് ഒരംഗത്തിന്റെ വിയോജിപ്പോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
പത്ത് മുതല്‍ 50 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് വിവേചനമാണെന്നും ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അഞ്ചംഗങ്ങളില്‍ നാലു പേരും വിധിയെഴുതി. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന 1965ലെ കേരള ഹിന്ദു ആരാധനാ സ്ഥല പ്രവേശന നിയമത്തിലെ ചട്ടം മൂന്ന് ബി വകുപ്പ് ഭരണഘടനാ ലംഘനമാണെന്നും ഭൂരിപക്ഷ ബെഞ്ച് വിധിച്ചു.