വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബില്ല് ഈ മാസം 29ന് പാർലമെന്റിൽ
November 24, 2021 3:31 pm
0
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ ഈ മാസം 29 ന് പാർലമെന്റിൽ അവതരിപ്പിക്കും. വിവാദമായ മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവരിക.
പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്. ശൈത്യകാല സമ്മേളനം തുടങ്ങുമ്പോൾ കാർഷിക നിയമം പിൻവലിക്കുന്നതുൾപ്പടെ 26 ബില്ലുകളാണ് കേന്ദ്രം പാർലമെന്റിൽ അവതരിപ്പിക്കുക.
ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന കാരണവും കേന്ദ്ര സർക്കാർ വ്യക്തമാക്കും. തുടർന്ന് ഇതിൽ രാഷ്ട്രപതി ഒപ്പു വെയ്ക്കുന്നതോടെ നിയമം റദ്ദാകും. കർഷകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. താങ്ങുവിലയുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങൾ കൊണ്ടുവരാനാണ് കൃഷി മന്ത്രാലയം ആലോചിക്കുന്നത്.