Friday, 24th January 2025
January 24, 2025

ആന്ധ്രപ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം, സ്ഥിരം തലസ്ഥാനമാകുന്നത് അമരാവതി

  • November 22, 2021 3:32 pm

  • 0

അമരാവതി: ആന്ധ്രപ്രദേശിന് ഇനി ഒറ്റ തലസ്ഥാനം മാത്രം. സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കിയോടെയാണ് അമരാവതി ആന്ധ്രപ്രദേശിന്റെ സ്ഥിരം തലസ്ഥാനമാകുന്നത്. മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭ റദ്ദാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വൈ എസ് ആർ സി സര്‍ക്കാരായിരുന്നു മൂന്ന് തലസ്ഥാനമെന്ന ബില്ല് കൊണ്ടുവന്നത്. തീരുമാനത്തിനെതിരെ അമരാവതിയിലെ കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. ബില്ലില്‍ ചില സാങ്കേതിക തടസമുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ്മോഹന്‍ റെഡ്ഡി വിശദമാക്കിയിരുന്നു. ബിജെപി അടക്കം പ്രതിപക്ഷം മൂന്ന് തലസ്ഥാനമെന്ന തീരുമാനത്തെ ശക്തമായി എതിർത്ത് രംഗത്തുണ്ടായിരുന്നു .

നിയമനിര്‍മ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്‍വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കര്‍ണൂലുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ആന്ധ്രാപ്രദേശ് വികേന്ദ്രീകൃതസംയുക്ത വികസന മേഖലാ ബില്‍, ആന്ധ്രാപ്രദേശ് തലസ്ഥാന വികസന അതോറിറ്റി (പിൻവലിക്കൽ) ബില്‍ 2020 എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ഈ ബില്ലുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

വിശാഖപട്ടണത്ത് പുതിയ സെക്രട്ടറിയേറ്റും നിയമസഭയും നിര്‍മ്മിക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. സ്ഥലം ഏറ്റെടുക്കലിന് എതിരെ കര്‍ഷകരും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിരുന്നു.ഇതിനിടയിലാണ് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കിയത്. സർക്കാർ തീരുമാനം പ്രതിഷേധക്കാരുടെ വിജയമായാണ് കണക്കാക്കുന്നത്.