Thursday, 23rd January 2025
January 23, 2025

റോയല്‍ ചാലഞ്ചേഴ്സിനായി പാഡണിയാന്‍ ഇനിയില്ല; എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ എ ബി ഡിവില്ലിയേഴ്സ്

  • November 19, 2021 3:28 pm

  • 0

കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും (South Africa) ഐപിഎല്ലില്‍ (IPL) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (RCB) പ്രധാന ബാറ്ററുമായ എ ബി ഡിവില്ലിയേഴ്‌സ് (AB de Villiers) ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു (Retirement From All Forms of Cricket).

സോഷ്യല്‍ മീഡിയയിലൂടെയാണ് 37കാരനായ താരം വിരമിക്കല്‍ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

2018 ല്‍ കരിയറില്‍ മികച്ച ഫോമില്‍ തുടരുന്ന സമയത്ത് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഇനി താന്‍ ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

കളിച്ചിരുന്ന കാലത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും താരം കുറിച്ചു. ഒപ്പം കളിച്ച എല്ലാ സഹതാരങ്ങള്‍ക്കും എതിര്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഫിസിയോ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നതായും ഡിവില്ലിയേഴ്‌സ് പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ബിബിഎല്‍, ഐപിഎല്‍ തുടങ്ങിയ ടി20 ലീഗുകളില്‍ വിലപ്പെട്ട താരമായിരുന്നു ഡിവില്ലിയേഴ്സ്.

2004 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ ടെസ്റ്റ് അരങ്ങേറ്റം. 114 ടെസ്റ്റില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സ് ഡിവില്ലിയേഴ്സിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്. ടെസ്റ്റില്‍ 22 സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും 46 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് അരങ്ങേറ്റത്തിനു പിന്നാലെ 2005 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെ ഏകദിനത്തിലും ഡവില്ലിയേഴ്സ് അരങ്ങേറ്റം കുറിച്ചു. 228 ഏകദിനങ്ങളില്‍ നിന്ന് 9577 റണ്‍സും അടിച്ചുകൂട്ടി. ഏകദനത്തില്‍ 25 സെഞ്ചുറികളും 53 അര്‍ധ സെഞ്ചുറികളുമുണ്ട്.

ഏകദിന ടീമിലെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 2006 ഫെബ്രുവരി 24ന് ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ ടി 20 അരങ്ങേറ്റം. 78 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 10 അര്‍ധ സെഞ്ചുറികളടക്കം 1672 റണ്‍സെടുത്തിട്ടുണ്ട്. 184 ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ച താരം മൂന്ന് സെഞ്ചുറികളും 40 അര്‍ധ സെഞ്ചുറികളുമടക്കം 5162 റണ്‍സെടുത്തിട്ടുണ്ട്.