അനില്‍ കുംബ്ലെ പടിയിറങ്ങി; സൗരവ് ഗാംഗുലി പുതിയ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍
November 17, 2021 4:44 pm
0
ബിസിസിഐ (BCCI) പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ(Sourav Ganguly) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ICC) ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയ്ക്ക് (Anil Kumble) പകരമാണ് ഗംഗുലിയെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത്.
അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് ഐസിസി അറിയിച്ചു. ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് സൗരവിനെ സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. 2015 മുതല്‍ 2019 വരെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഗാംഗുലി. 2019 ഒക്ടോബറില്‍ ബിസിസിഐ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തു.
മൂന്ന് വര്‍ഷമാണ് ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തെ കാലയളവ്. മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് അനില്‍ കുംബ്ലെ സ്ഥാനം ഒഴിഞ്ഞത്. ഡിആര്‍എസ് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതില്‍ ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ വന്നത് കുംബ്ലെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയിരിക്കുമ്ബോഴാണ്.
നിയമവിരുദ്ധമായ ബൗളിങ് ആക്ഷനുകള്‍ നിര്‍ണയിക്കുന്നതിലും കുംബ്ലേയുടെ തീരുമാനങ്ങള്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം നീണ്ട കുംബ്ലേയുടെ ഭരണ മികവിനെ അഭിനന്ദിക്കുന്നതായി ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.