പെഗാസസില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
October 27, 2021 12:24 pm
0
ന്യൂഡല്ഹി: പെഗാസസ് ചാരസോഫ്റ്റ് വെയര് ഉപയോഗിച്ച് വിവരങ്ങള് ചോര്ത്തിയതില് അന്വേഷണത്തിന് സമിതിയെ രൂപീകരിച്ച് സുപ്രീംകോടതി. അന്വേഷണം വേണ്ടെന്ന കേന്ദ്രസര്ക്കാരിന്റെ ആവശ്യം തള്ളിയ കോടതി ദേശസുരക്ഷയുടെ പേരില് എപ്പോഴും രക്ഷപെടാനാകില്ലെന്ന് വിമര്ശിച്ചു. റിട്ടയേര്ഡ് ജഡ്ജി ആര് വി രവീന്ദ്രന് അധ്യക്ഷനായ വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തുക. ചീഫ് ജസ്റ്റിസ് എന് വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
വിദഗ്ധ സമിതിയില് റോ മുന് മേധാവി അലോക് ജോഷി, ഡോ. സന്ദീപ് ഒബ്റോയി ( മേധാവി, സൈബര് സെക്യൂരിറ്റി, ടിസിഎസ്) എന്നിവര് അംഗങ്ങളാകും. ഈ സമിതിയെ സഹായിക്കുന്നതിനായി മൂന്നംഗ സാങ്കേതിക സമിതിയെയും കോടതി പ്രഖ്യാപിച്ചു. ഇതില് മലയാളിയായ ഡോ. പ്രഭാകരനും ഉള്പ്പെടുന്നു. ഡോ. നവീന് കുമാര് ( ഡീന്, നാഷണല് ഫൊറന്സിക് സയന്സ് യൂണിവേഴ്സിറ്റി), ഡോ. പി പ്രഭാകരന് ( പ്രൊഫസര്, സ്കൂള് ഓഫ് എഞ്ചിനീയറിങ്ങ്, അമൃത വിശ്വവിദ്യാപീഠം, കൊല്ലം ), ഡോ. അശ്വിന് അനില് ഗുമസ്തെ ( അസോസിയേറ്റ് പ്രൊഫസര്, ഐഐടി മുംബൈ) എന്നിവരാണ് ഉള്പ്പെടുന്നത്.
ഭരണഘടനാ തത്വങ്ങള് ഉയര്ത്തിപ്പിടിക്കാനാണ് പരിശ്രമിക്കുന്നതെന്ന് കോടതി അറിയിച്ചു. ദേശസുരക്ഷ പറഞ്ഞ് എല്ലാ ആരോപണങ്ങളില്നിന്നും സര്ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. സ്വകാര്യത കാത്തു സൂക്ഷിക്കണം. കേന്ദ്രസര്ക്കാര് ഹര്ജിക്കാരുടെ ആരോപണങ്ങള് നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധ സമിതിയുടെ അന്വേഷണവുമായി കേന്ദ്രസര്ക്കാര് സഹകരിക്കണമെന്നും സുപ്രീംകോടതി നിര്ദേശിച്ചു. എട്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
ഇസ്രയേലി കമ്ബനിയായ എന്‌എസ്‌ഒ വികസിപ്പിച്ച പെഗാസസ് സോഫ്റ്റ്വെയര് ഉപയോഗിച്ച് രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവര്ത്തകരെയും സാമൂഹ്യപ്രവര്ത്തകരെയും നിരീക്ഷിക്കുന്നുവെന്ന റിപ്പോര്ട്ട് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. മുതിര്ന്ന മാധ്യമപ്രവര്ത്തകരായ എന് റാം, ശശികുമാര്, ജോണ്ബ്രിട്ടാസ് എംപി, അഡ്വ. എം എല് ശര്മ, പെഗാസസ് ചാരനിരീക്ഷണത്തിന് ഇരകളായ പരഞ്ജോയ് ഗുഹാ താക്കുര്താ, എസ്‌എന്‌എം ആബ്ദി, പ്രേംശങ്കര്ത്സാ, രൂപേഷ്കുമാര് സിങ്, ഇപ്സാശതക്ഷി, ജഗ്ദീപ് ച്ഛോക്കര്, എഡിറ്റേഴ്സ് ഗില്ഡ് ഓഫ് ഇന്ത്യ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.