ദീർഘദൂര സ്വകാര്യബസുകൾ തിരുവനന്തപുരത്തെ ഉപേക്ഷിച്ചു
November 13, 2019 2:00 pm
0
തിരുവനന്തപുരത്ത് നിന്ന് നടത്തിയിരുന്ന ദീർഘദൂര സ്വകാര്യബസുകൾ സർവീസ് പുറപ്പെടുന്നത് കളിയിക്കാവിളയിലേക്ക് മാറ്റി. സംസ്ഥാനത്തിന് ഇതുമൂലം നികുതിയിനത്തിൽ ലഭിക്കേണ്ട കോടികളുടെ വരുമാനം നഷ്ടമായി. മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനകളിൽ കനത്ത പിഴ ചുമത്തുന്നതും നികുതി വർധനവുമാണ് സ്വകാര്യബസുകൾ തലസ്ഥാനത്തെ ഉപേക്ഷിക്കാൻ കാരണം.
നാല് മാസം മുമ്പ് സ്വകാര്യബസ് ജീവനക്കാർ യാത്രക്കാരെ ആക്രമിച്ച സംഭവമുണ്ടായതോടെയാണ് സംസ്ഥാന മോട്ടോർവാഹനവകുപ്പ് പരിശോധനയും പിഴ ചുമത്തുന്നതും കർക്കശമാക്കിയത്. തിരുവനന്തപുരം ഉൾപ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് ബംഗളൂരു, മംഗളൂരു, ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന നിരവധി സർവീസുകൾ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പ്രമുഖ ബസ് കമ്പനി തലസ്ഥാനത്തുനിന്ന് നടത്തിവന്ന 16 സർവീസുകളിൽ 11 എണ്ണവും നിർത്തി. ഹൈദരാബാദ്, ചെന്നൈ, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്ക് നടത്തിയിരുന്ന സർവീസുകൾ കളിയിക്കാവിളയിലേക്ക് മാറ്റുകയും ചെയ്തു. മറ്റൊരു ഗ്രൂപ്പിന്‍റെ ഒമ്പത് ബസുകളും കളിയിക്കാവിളയിലേക്ക് മാറ്റി. നിലവിൽ തിരുവനന്തപുരത്ത് നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാരെ ചെറിയ വാഹനങ്ങളിൽ കളിയിക്കാവിളയിൽ എത്തിക്കാനുള്ള സൌകര്യം ബസ് അധികൃതർ നൽകുന്നുണ്ട്.
49 സീറ്റുള്ള ഒരു ബസ് കേരളത്തിൽ പ്രവേശിക്കണമെങ്കിൽ മൂന്നുമാസത്തേക്ക് 1.75 ലക്ഷം രൂപയാണ് നികുതിയായി നൽകേണ്ടത്. 20 ബസുകൾ സംസ്ഥാനത്ത് പ്രവേശിക്കാതരെയിരിക്കുമ്പോൾ സംസ്ഥാനത്തിന് നികുതിയിനത്തിൽ കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. സംസ്ഥാനത്തിന് വൻ നികുതി വരുമാനം നൽകുന്ന സ്വകാര്യബസ് സംരഭങ്ങളെ സംരക്ഷിക്കുന്നതിന് പകരം പ്രതികാരബുദ്ധിയോടെ ചില ഉദ്യോഗസ്ഥർ ഇടപെടുന്നതായാണ് ആരോപണം. വൈകാതെ തിരുവനന്തപുരത്ത് നിന്നുള്ള ഒട്ടുമിക്ക സർവീസുകളും കളിയിക്കാവിളയിലേക്ക് മാറ്റുമെന്നാണ് സൂചന.