Tuesday, 22nd April 2025
April 22, 2025

ആധാർ ബന്ധിപ്പിക്കണം പി.എസ്.സി. പ്രൊഫൈലിൽ

  • November 13, 2019 3:00 pm

  • 0

പി.എസ്.സി. പ്രൊഫൈലിൽ ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാർഥികൾ ആധാർ നമ്പർ ബന്ധിപ്പിക്കണം. പി.എസ്.സി ഇതിനുള്ള സൗകര്യം പ്രൊഫൈലിൽ ഏർപ്പെടുത്തിയതായി അറിയിച്ചു. ഹോം പേജിൽ കാണുന്ന ആധാർ ലിങ്കിങ് ബട്ടൺ ക്ലിക് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കാം.

പി.എസ്.സി.യുടെ ഒറ്റത്തവണ പ്രൊഫൈലിൽ നിലവിൽ 50 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ ആധാർ നമ്പർ പ്രൊഫൈലിൽ രേഖപ്പെടുത്തിയവരുമുണ്ട്. അവരും ആധാർ നമ്പർ ബന്ധിപ്പിക്കണം. പരീക്ഷയുൾപ്പെടെ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർഥിയെ തിരിച്ചറിയാൻ വിരലടയാളം പോലുള്ള ആധാർ വിവരങ്ങൾ ഉപയോഗപ്പെടുത്താൻ പി.എസ്.സി. തീരുമാനിച്ചു. ആൾമാറാട്ടം തടയുകയാണു ലക്ഷ്യം.

ആധാർ ബന്ധിപ്പിക്കാനുള്ള നടപടിക്രമം

പ്രൊഫൈൽ ലോഗിൻ ചെയ്യുക. ഹോം പേജിലെ ആധാർ ലിങ്കിങ് ബട്ടൺ ക്ലിക് ചെയ്യുക. ലിങ്കിങ് ആധാർ വിത്ത് പ്രൊഫൈൽ വിൻഡോയിൽ ആധാർ നമ്പർ, ആധാർ കാർഡിലുള്ള പേര് എന്നിവ നൽകി കൺസെന്റ് ഫോർ ഒഥന്റിക്കേഷനിൽ ടിക് ചെയ്യുക. ലിങ്ക് വിത്ത് പ്രൊഫൈൽ ബട്ടൺ ക്ലിക് ചെയ്യുക. ഇതോടെ ആധാർ ബന്ധിപ്പിക്കൽ പൂർത്തിയാകും.