Thursday, 23rd January 2025
January 23, 2025

PSC പരീക്ഷ സ്മോളിക്ക് ജീവന്മരണപ്പോരാട്ടം

  • November 13, 2019 1:00 pm

  • 0

പി.എസ്.സി പരീക്ഷ നടക്കുന്ന എറണാകുളം എസ്.കെ.വി സ്‌കൂളിലേക്ക് അപ്രതീക്ഷിതമായാണ് ആ ആംബുലന്‍സ് കടന്നുവന്നത്. വാഹനത്തില്‍ നിന്നും ഒന്നോ രണ്ടോ ആളുകള്‍ പുറത്തിറങ്ങി. സഹജമായ കൗതുകം വണ്ടിയ്ക്കുള്ളില്‍ ആരെന്നറിയാനായിരുന്നു. ജനാല പഴുതിലൂടെ അകത്തേയ്ക്ക് നോക്കി. ഒരു സ്ത്രീയാണ് കഴുത്തില്‍ ഒരു ആവരണമുണ്ട്. മുഖത്തും ശരീരത്തിലുമൊക്കെ മുറിപ്പാടുകള്‍ ഏറെ.

ആംബുലന്‍സില്‍ നിന്നും പുറത്തിറങ്ങിയ ആളുകള്‍ക്കൊപ്പം പി.എസ്.സി ജീവനക്കാര്‍ വണ്ടിയിലേക്കെത്തി. മെഡിക്കല്‍ രേഖകളും ചീട്ടുകളുമൊക്കെ വിശദമായി പരിശോധിച്ചു. പരീക്ഷയെഴുതാന്‍ സമ്മതിച്ചു.വേദന കാര്‍ന്നു തിന്നുള്ള കിടപ്പിനിടയിലും മുഖത്തു നിന്ന് ചെറുപുഞ്ചിരി പുറത്തേക്കെത്തി.

പരീക്ഷാര്‍ത്ഥിയുടെ പേര് സ്‌മോളി. കോട്ടയം മാന്നാനം സ്വദേശിനിയാണ്. മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള കുട്ടികളുടെ ആശുപത്രിയില്‍ ഇ.സി.ജി.ടെക്‌നീഷ്യനാണ്. കാത്തിരുന്ന പി.എസ്.സി പത്തുനാള്‍ മുമ്പ് തിരുവല്ലയില്‍ വാഹനാപകടം. കഴുത്തിന് പരുക്ക്, ശരീരമാസകലം മുറിവ്, അസ്ഥി നുറുങ്ങുന്ന വേദന. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരീക്ഷയെഴുതാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആദ്യമെതിര്‍ത്തെങ്കിലും ഡോക്ടര്‍മാര്‍ സമ്മതം മൂളിആംബുലന്‍സില്‍ എറണാകുളത്തേക്ക്.

അപകടത്തിന്റെ പരിക്കിന് ഒന്നരയാഴ്ച മാത്രം ദൈര്‍ഘ്യമാണുള്ളത്. ശേഷികുറഞ്ഞ കാലുകള്‍ പണ്ടേ ദുര്‍ബലയാക്കാന്‍ നോക്കി. പക്ഷെ തളരാതെ മുന്നോട്ട്. മുച്ചക്രവാഹനത്തില്‍ പറക്കുന്ന സ്‌മോളി ഐ.സി.എച്ചിലെ മികച്ച ഇ.സി.ജി ടെക്‌നീഷ്യയാണ്. മുമ്പ് നിന്നു തിരിയാന്‍ സമയം ലഭിയ്ക്കാത്ത മെഡിക്കല്‍ കോളേജിലായിരുന്നു ഡ്യൂട്ടി.ഏറെ നാള്‍ കഴിഞ്ഞ് ഇ.സി.ജി.യിലേക്ക്.

പി.എസ്.സി തൃശൂരില്‍ നടത്തിയ പരീക്ഷയില്‍ സ്‌മോളി റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിരുന്നു. വികലാംഗ ക്വോട്ട ഉണ്ടായിട്ടും നിയമനം ലഭിച്ചില്ല. ഇതിനെതിരെ സ്‌മോളി ഹൈക്കോടതിയില്‍ കേസു നടത്തുന്നുമുണ്ട്. ബ്ലൂട്ടൂത്ത് വാച്ചും ഹൈടെക്ക് സാങ്കേതിക വിദ്യകളുമുപയോഗിച്ച് പി.എസ്.സി പരീക്ഷകള്‍ അട്ടിമറിയ്ക്കുന്ന കാലത്ത് പി.എസ്.സി.യെ വിശ്വസിച്ച് ആംബുലന്‍സില്‍ വരെ എത്തുന്ന സ്‌മോളിയേപ്പോലുള്ളവരും ഉണ്ടെന്ന് ഓര്‍ത്താല്‍ നല്ലത്.