Friday, 24th January 2025
January 24, 2025

കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് കാത്തിരിക്കേണ്ട, സ്കൂളുകള്‍ തുറക്കാമെന്ന് കേന്ദ്രം

  • September 10, 2021 11:10 am

  • 0

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിനേഷന്‍ എടുക്കുന്നത് വരെ കാത്തിരിക്കേണ്ടെന്നും സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയംഎന്നാല്‍ കുട്ടികള്‍ക്ക്‌ വാക്സിന്‍ ആവശ്യമുണ്ടോ ഇല്ലയോ എന്നകാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ സ്കൂളുകള്‍ തുറക്കുമ്ബോള്‍ അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും വാക്സിന്‍ എടുത്തിരിക്കണം. രക്ഷിതാക്കളും വാക്സിന്‍ സ്വീകരിച്ചവരാകണം.

വാക്സിനേഷന്‍ മാറ്റി നിര്‍ത്തി കുട്ടികളെ സുരക്ഷിതരായി ഇരുത്തി പഠിപ്പിക്കുന്നതിനുള്ള മറ്റ് സൗകര്യങ്ങള്‍ സ്കൂളുകള്‍ ഒരുക്കണം. സ്കൂളുകള്‍ വീണ്ടും തുറക്കുമ്ബോള്‍ ഏറ്റവും പ്രധാനമായി, വെന്റിലേഷന്‍, ഇരിപ്പിട ക്രമീകരണങ്ങള്‍, മാസ്ക് ധരിക്കല്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. പൊതുവില്‍ സ്കൂളുകള്‍ തുറക്കുന്നത്‌ സുരക്ഷിതമാണ്‌. അതിനുള്ള സാഹചര്യവുമുണ്ട്‌. ഓരോ സംസ്ഥാനവും അവിടത്തെ സ്ഥിതിഗതികള്‍ നോക്കിയാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച്‌ ലോകാരോഗ്യസംഘടനയുടെ മാര്‍ഗരേഖയൊന്നുമില്ല. കോവിഡ് കുട്ടികളില്‍ ഗുരുതരമാവില്ലെന്നും കൂടുതലും ലക്ഷണമില്ലാതെ കടന്നുപോകുമെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ക്കൂടിയാണ്‌ മാര്‍ഗരേഖയില്ലാത്തത്‌.

അതേസമയം, വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങിയത്. ഒരു വാക്സിന്‍ കുട്ടികള്‍ക്കായി ഇന്ത്യയില്‍ അം​ഗീകരിച്ചിട്ടുണ്ട്. മറ്റ് വാക്സിനുകള്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച്‌ അന്തിമതീരുമാനമെടുക്കുന്ന മുറയ്ക്ക് വാക്സിന്‍ ലഭ്യമാകുമെന്ന്‌ നിതി ആയോഗ്‌ അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.