Friday, 24th January 2025
January 24, 2025

ഡല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി

  • September 3, 2021 11:14 am

  • 0

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി. തുരങ്കത്തോടൊപ്പം തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തിയിട്ടുണ്ട്സ്വാതന്ത്ര്യ സമരസേനാനികളെ ഭയന്ന് ബ്രിട്ടീഷുകാര്‍ തുരങ്കം നിര്‍മിച്ചതാകാമെന്നാണ് നിഗമനം. തൂക്കിലേറ്റാനായി ഉപയോഗിച്ച മുറി സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരമര്‍പ്പിക്കാനുള്ള സ്ഥലമായി രൂപമാറ്റം വരുത്താനാണ് അധികൃതരുടെ തീരുമാനം.

1912ല്‍ ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ നിന്ന് സെന്‍ട്രല്‍ നിയമസഭ ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് 1926ല്‍ ഈ നിയമസഭ മന്ദിരം കോടതിയാക്കി മാറ്റി. സ്വാതന്ത്ര്യ സമരസേനാനികളെ ചെങ്കോട്ടയില്‍ നിന്ന് കോടതിയില്‍ എത്തിക്കാന്‍ വേണ്ടി തുരങ്കം നിര്‍മിച്ചതാകാമെന്നാണ് കണ്ടെത്തല്‍.

1993ല്‍ താന്‍ എം.എല്‍.എ ആയപ്പോള്‍ ചെങ്കോട്ട വരെ നീളുന്ന ഒരു തുരങ്കത്തെ കുറിച്ച്‌ കേട്ടിരുന്നുവെന്ന് നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ പറഞ്ഞു. എന്നാല്‍, ചരിത്രത്തില്‍ തുരങ്കത്തെ കുറിച്ച്‌ തിരഞ്ഞെങ്കിലും യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തുരങ്കത്തിന്‍റെ പ്രവേശന കവാടം കണ്ടെത്തി.

മെട്രോ റെയില്‍ പദ്ധതികളും മലിനജല സംവിധാനങ്ങളും കാരണം തുരങ്കപാത തകര്‍ന്നതിനാല്‍ തുരങ്കത്തിനുള്ളില്‍ കൂടുതല്‍ ആഴത്തിലുള്ള പരിശോധനകള്‍ നടത്താന്‍ സാധിക്കില്ല. തുരങ്കത്തിന്‍റെ പുനരുദ്ധാരണം നടത്തി 2022 ആഗസ്റ്റ് 15ന് മുമ്ബ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുമെന്ന് രാം നിവാസ് ഗോയല്‍ അറിയിച്ചു.