Thursday, 23rd January 2025
January 23, 2025

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അശ്വതി ശ്രീകാന്ത്‌ മികച്ച നടി, നടന്‍ ശിവജി ഗുരുവായൂര്‍

  • September 1, 2021 4:42 pm

  • 0

തിരുവനന്തപുരം: 2020ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചുമികച്ച നടിയായി അശ്വതി ശ്രീകാന്തിനേയും നടനായി ശിവജി ഗുരുവായൂരിനേയും തെരഞ്ഞെടുത്തു. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലെ അഭിനയത്തിനാണ് അശ്വതിക്ക് അവാര്‍ഡ്. ഫ്ളവേഴ്സിലെ ‘കഥയറിയാതെ’ എന്ന പരമ്ബരയാണ് ശിവജിക്ക് അവാര്‍ഡ് നേടികൊടുത്തത്.

മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യന്‍ (അക്ഷരത്തെറ്റ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയത് ‘ചക്കപ്പഴം’ സീരിയലിലെ റാഫിയാണ്. മഴവില്‍ മനോരമയിലെ ‘മറിമായ’മാണ് മികച്ച ഹാസ്യ പരിപാടി.

ദൂരദര്‍ശനിലെ സൗമ്യം, ശ്രീത്വം, ഭാവദ്വയം എന്ന പരിപാടിയുടെ അവതാരക രാജശ്രീ വാര്യര്‍ മികച്ച അവതരണത്തിനുള്ള പുരസ്കാരം നേടി. ഏഷ്യാനെറ്റ് ന്യൂസിലെ ബാബു രാമചന്ദ്രനാണ് മികച്ച​ അവതാരകന്‍ .

മികച്ച അവതാരകന്‍/ഇന്റര്‍വ്യൂവര്‍ പുസ്കാരം ട്വന്റിഫോര്‍ ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണനും വാര്‍ത്താ അവതാരകയ്ക്കുള്ള അവാര്‍ഡ് ന്യൂസ് 18ലെ രേണുജ എന്‍ ജിയും മികച്ച കമന്റേറ്റര്‍ അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിലെ സി അനൂപും നേടി.

കൈരളി ന്യൂസിന് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച ശാസ്ത്ര പരിസ്ഥിതി ഡോക്യുമെന്ററിയായി കൈരളി ന്യൂസ് സീനിയര്‍ എഡിറ്റര്‍ കെ.രാജേന്ദ്രന്റെ അടിമത്തത്തിന്റെ രണ്ടാം വരവ് തെരഞ്ഞെടുത്തു. മികച്ച ബയോഗ്രഫി ഡോക്യുമെന്ററിയായി ബിജു മുത്തത്തിയുടെ കരിയന്‍ തെരഞ്ഞെടുക്കപ്പെട്ടു.

വയനാട്ടില്‍ നക്സലൈറ്റ് നേതാവ് വര്‍ഗീസിനൊപ്പം ആദിവാസി സമരങ്ങളില്‍ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ട വിപ്ളവകാരി കെ. കരിയന്റെ അധികമറിയപ്പെടാത്ത ജീവിതത്തെ പകര്‍ത്തിയതാണ് കരിയനെ പുരസ്കാരത്തിനര്‍ഹമാക്കിയത്. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം.

സംസ്ഥാനത്തെ ടെലിവിഷനുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ നിലവാര തകര്‍ച്ചയെ ജൂറി വിമര്‍ശിച്ചു.സംസ്ഥാനത്തെ ടെലിവിഷന്‍ പരമ്ബരകളില്‍ സ്ത്രികളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതില്‍ ജൂറി കടുത്ത ആശങ്ക പ്രകടിപ്പിച്ചതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കുട്ടികള്‍ക്കുള്ള ഹ്രസ്വ ചിത്ര വിഭാഗത്തില്‍ എന്‍ട്രികള്‍ ഒന്നുമില്ലാതിരുന്നത് ഖേദകരമാണെന്നും ജൂറി വിലയിരുത്തി. നിലവാരമുള്ള എന്‍ട്രികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മികച്ച സീരിയല്‍, സംവിധായകന്‍, കലാസംവിധായകന്‍ എന്നീ പ്രധാനപ്പെട്ട വിഭാഗങ്ങളിലും പുരസ്കാരം നല്‍കിയില്ല.