വാര്‍ഷിക വരുമാനമായി ഒന്നരകോടി; അമിതാഭ് ബച്ചന്‍റെ അംഗരക്ഷകന് സ്ഥലംമാറ്റം, അന്വേഷണം
August 27, 2021 3:42 pm
0
മുംബൈ: വാര്‍ഷിക വരുമാനമായി ഒന്നരകോടി കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് അമിതാഭ് ബച്ചന്‍റെ അംഗരക്ഷകന് സ്ഥലംമാറ്റം. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
അമിതാഭ് ബച്ചന്‍റെ അംഗരക്ഷകനായ ജിതേന്ദ്ര ഷിന്‍ഡെയെയാണ് സ്ഥലം മാറ്റിയത്. മുംബൈ പൊലീസില്‍ കോണ്‍സ്റ്റബ്ളായ ഷിന്‍ഡെ വര്‍ഷങ്ങളായി ബച്ചന്‍റെ അംഗരക്ഷകനായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഷിന്‍ഡെ വാര്‍ഷിക ശമ്ബളമായി ഒന്നര കോടി കൈപ്പറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് സ്ഥലംമാറ്റം. ബച്ചനാണോ അതോ മറ്റാരെങ്കിലും ഷിന്‍ഡെക്ക് പണം കൈമാറിയതെന്ന കാര്യം വ്യക്തമല്ല.
തന്‍റെ ഭാര്യയുടെ നേതൃത്വത്തില്‍ ഒരു സുരക്ഷ ഏജന്‍സി നടത്തുന്നുണ്ടെന്ന് ഷിന്‍ഡെ പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. അതുവഴി സെലിബ്രിറ്റികള്‍ക്കും മറ്റും സുരക്ഷ ഉറപ്പാക്കും. ഷിന്‍ഡെയുടെ ഭാര്യയുടെ പേരിലാണ് ബിസിനസ് നടത്തുന്നതെന്നും അമിതാഭ് ബച്ചന്‍ തനിക്ക് പണം നല്‍കിയിട്ടില്ലെന്നു ഷിന്‍ഡെ പറഞ്ഞു.
അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ഒരു പൊലീസുകാരനെ നിശ്ചിത സ്ഥലത്ത് ജോലിക്ക് നിയോഗിക്കാന്‍ കഴിയില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2015 മുതല്‍ ബച്ചന്‍റെ സുരക്ഷ ചുമതല ഷിന്‍ഡെക്ക് ആയിരുന്നു. ബച്ചന്‍റെ പ്രിയപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഷിന്‍ഡെ. സൗത്ത് മുംബൈയിലേക്കാണ് ഷിന്‍ഡെയുടെ സ്ഥലംമാറ്റം.