ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ അസൂയ; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
November 12, 2019 7:00 pm
0
അമേരിക്കയിലെ ക്വീന്‍സില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണെ. ഈ ആരാധനയിലെ അസൂയ കാരണമാണ് ദിനേശ്വര്‍ ഡോണെയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ചയാണ് സംഭവം. ബാര്‍ ടെന്‍ഡറായി ജോലി നോക്കുകയായിരുന്നു ഡോണെ. ഡോണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ ദിനേശ്വറിന് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്ന് ഡോണെയുടെ സുഹൃത്തുക്കള്‍ പ്രതികരിച്ചു.
വീട്ടിലിരുന്ന് ഹൃത്വിക് റോഷന്റെ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അത് നിര്‍ത്താന്‍ ഡോണെയോട് ദിനേശ്വര്‍ ആവശ്യപ്പെടുമായിരുന്നെന്നും ഡോണെയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ മാല രാംധാനി കൂട്ടിച്ചേര്‍ത്തു.
ഡോണെയെ കൊലപ്പെടുത്തിയ ശേഷം ദിനേശ്വര്‍, അക്കാര്യം ഡോണെയുടെ സഹോദരിക്ക് ഫോണ്‍ സന്ദേശം അയച്ചു. അപ്പാര്‍ട്‌മെന്റിന്റെ താക്കോല്‍ പൂച്ചട്ടിയുടെ ചുവട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഡോണെയുടെ മൃതദേഹത്തിനു സമീപമാണ് ദിനേശ്വറിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈയിലാണ് ദിനേശ്വറും ഡോണെയും വിവാഹിതരായത്.