കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ടി അംഗത്വം സ്വീകരിച്ചു
August 16, 2021 4:43 pm
0
ന്യൂഡെല്‍ഹി: ( 16.08.2021) കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുഷ്മിത ദേവ് ടിഎംസിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രടറി അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രിയാന്‍ എം പി എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ടി അംഗത്വം സ്വീകരിച്ചു
കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ടി വിട്ട സംഭവം തിങ്കളാഴ്ച രാവിലെയാണ് പുറത്തുവന്നത്. നേതൃത്വവുമായി പിണങ്ങി നില്‍ക്കുകയായിരുന്നു സുഷ്മിത ദേവ്. പാര്‍ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നല്‍കി. പൊതുസേവനത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് ട്വീറ്റു ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ടി വിട്ട വിവരം സുഷ്മിത ദേവ് വെളിപ്പെടുത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടര്‍ന്നാണ് സുഷ്മിത കോണ്‍ഗ്രസുമായി ഇടഞ്ഞത്. അസമില്‍ എ ഐ യു ഡി എഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിര്‍ത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്. പിന്നീട് പ്രിയങ്ക ഗാന്ധി സുഷ്മിതയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സുഷ്മിത ദേവ് പാര്‍ടി വിടില്ലെന്നാണ് അന്ന് അസം കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്.
അതേസമയം സുഷ്മിത ദേവിന്റെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്തെത്തിയിട്ടുണ്ട്. യുവനേതാക്കള്‍ കോണ്‍ഗ്രസ് വിടുമ്ബോള്‍ പാര്‍ടി ശക്തിപ്പെടുത്തുന്ന പ്രായമായവരെ വിമര്‍ശിക്കുന്നു എന്നാണ് കപില്‍ സിബല്‍ പ്രതികരിച്ചത്. കണ്ണടച്ചാണ് പാര്‍ടിയുടെ പോക്കെന്നും സിബല്‍ വിമര്‍ശിച്ചു. പാര്‍ടിയില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം സ്ഥിരീകരിക്കുന്നതാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബലിന്റെ ട്വീറ്റ്.
‘ സുഷ്മിത ദേവ് ഞങ്ങളുടെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നു. യുവ നേതാക്കള്‍ വിട്ടുപോകുമ്ബോള്‍, അത് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ ‘വൃദ്ധരെ‘ കുറ്റപ്പെടുത്തുന്നു. പാര്‍ടി മുന്നോട്ട് പോകുന്നു: കണ്ണു തുറന്നാണിരിക്കുന്നതെങ്കിലും ഇതൊന്നും കാണുന്നില്ല‘.
സുഷ്മിതയുമായി സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. സുഷ്മിതക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ട്. സുഷ്മിതയുമായി സംസാരിക്കാതെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സുര്‍ജേവാല പറഞ്ഞു.