Friday, 24th January 2025
January 24, 2025

വാക്ക് പാലിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി; ഐസ്‌ക്രീമിനൊപ്പമുള്ള പി വി സിന്ധുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍

  • August 16, 2021 3:45 pm

  • 0

ന്യൂദല്‍ഹി: ചെങ്കോട്ടയില്‍ നടന്ന 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച്‌ വിശിഷ്ടാതിഥികളായി ഞായറാഴ്ച എത്തി. ഇവര്‍ ജനമനസുകള്‍ കീഴടക്കിയെന്നും യുവാക്കള്‍ക്ക് പ്രചോദനം നല്‍കിയെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മത്സരത്തിനായി പോകുന്നതിന് മുന്‍പ് താരങ്ങളുമായി ഓണ്‍ലൈനിലൂടെ സംവദിച്ച മോദി മികച്ച പ്രകടനം നടത്താനായി അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു.

ഇതിനിടെ, ടോക്കിയോയില്‍നിന്ന് തിരിച്ചെത്തുമ്ബോള്‍ ഒരുമിച്ച്‌ ഐസ്‌ക്രീം കഴിക്കുമെന്ന് ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് പ്രധാനമന്ത്രി വാക്ക് നല്‍കിയത് ഏറെ വാര്‍ത്താപ്രധാന്യം നേടുകയും ചെയ്തുഇപ്പോഴിതാ ആ വാക്ക് പ്രധാനമന്ത്രി പാലിച്ചിരിക്കുന്നു. താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയിലൊരുക്കിയ സ്വീകരണത്തില്‍ ഐസ്‌ക്രീമിനൊപ്പം പി വി സിന്ധു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലെത്തി.

മോദിയെയും മറ്റ് താരങ്ങളെയും ചിത്രത്തില്‍ കാണാം. ടോക്കിയോ ഒളിംപിക്‌സില്‍ പി വി സിന്ധു വെങ്കലമെഡല്‍ സ്വന്തം പേരില്‍ കുറിച്ചാണ് തിരിച്ചെത്തിയത്. ഇതോടെ ഒളിംപിക്‌സില്‍ രണ്ടു മെഡലുകള്‍ നേടുന്ന ഇന്ത്യയുടെ ആദ്യ വനിതാ താരമായി സിന്ധു മാറി. 2016-ല്‍ നടന്ന റിയോ ഒളിംപിക്‌സില്‍ വെള്ളി സ്വന്തമാക്കിയായിരുന്നു ആദ്യ മെഡല്‍ നേട്ടം.