നാടുവിടാന്‍ പരക്കം പാച്ചില്‍, കാബൂള്‍ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും അഞ്ച് മരണം
August 16, 2021 2:46 pm
0
കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചതോടെ കാബൂള്‍ വിമാനത്തില്‍ കൂട്ടപലായനം. നാടുവിടാന്‍ വിമാനത്താവളത്തില്‍ ജനം തിങ്ങിനിറഞ്ഞതോടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലാണ് ജനങ്ങള്‍. വിമാനത്തില്‍ സീറ്റ് ഉറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്.
കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക് ഇരച്ചെത്തുന്നതും സി -17എ സൈനിക വിമാനത്തില്‍ കയറിപ്പറ്റാനായി പരിശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങളാണ് വിമാനത്താവളത്തിലേക്ക് എത്തിയത്.
ഇതിനിടയില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ചിലതില്‍ വെടിയൊച്ചകളും കേള്‍ക്കാം. എന്നാല്‍ കാബൂള്‍ വിമാനത്താവളത്തിലെ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അമേരിക്കന്‍ സേന ആകാശത്തേക്ക് വെടിയുതിര്‍ത്തതാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തില്‍ പരിധിയില്‍കവിഞ്ഞ് ആളുകള്‍ കയറിയതിനാല്‍ പറന്നുയരാന്‍ സാധിച്ചില്ലെന്നും ചില ആളുകളെ വിമാനങ്ങളില്‍ നിന്ന് ഇറക്കി വിടേണ്ടി വന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍. വിമാനത്തില്‍ കയറിപ്പറ്റാനായി തിരക്കു കൂട്ടുന്ന ആയിരക്കണക്കിന് ജനങ്ങള്‍ അഫ്ഗാനിസ്ഥാന്‍ നേരിടുന്ന ദുരന്തത്തിന്റെ നേര്‍ചിത്രങ്ങളാണ്.