രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസർ കൊല്ലത്തു നിന്നും
November 12, 2019 2:00 pm
0
കൊല്ലം അഞ്ചലിൽ നിന്നുള്ള എസ് സുശ്രീയാണ് ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് യോഗ്യത നേടി നാടിന് അഭിമാനമായത്. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ തിങ്കളാഴ്ച ഒഡിഷ ഐ പി എസ് കേഡറിൽ ജോയിൻ ചെയ്തു. ഭുവനേശ്വറിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് സുശ്രീയുടെ ആദ്യ നിയമനം.
2017ലാണ് ആദ്യശ്രമത്തിൽ തന്നെ സുശ്രീ സിവിൽ സർവീസ് സ്വപ്നം സ്വന്തമാക്കിയത്. 151 ആം റാങ്കോടു കൂടി അന്ന് സിവിൽ സർവീസ് പരീക്ഷ പാസാകുമ്പോൾ സുശ്രീക്ക് പ്രായം വെറും 22 വയസ്. സി ആർ പി എഫിൽ ഉദ്യോഗസ്ഥൻ ആയിരുന്നു അച്ഛൻ സുനിൽ കുമാർ ജോലിയിൽ നിന്ന് വോളണ്ടയറി റിട്ടയർമെന്‍റ് എടുത്താണ് സ്വപ്നം സഫലമാക്കാൻ മകൾക്ക് പിന്തുണയുമായി എത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സുശ്രീ തന്‍റെ സിവിൽ സർവീസ് സ്വപ്നം സഫലമാക്കാനുള്ള പഠനം ആരംഭിക്കുന്നത്.
സുശ്രീയുടെ അച്ഛൻ സുനിൽ കുമാർ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ സീനിയർ സെക്യൂരിറ്റി ഓഫീസർ ആയി ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് നിരവധി സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി ഇടപെട്ട പരിചയമാണ് മകളെ ഒരു സിവിൽ സർവീസുകാരിയാക്കാൻ സുനിൽ കുമാറിന് പ്രചോദനമായത്.
കഴിഞ്ഞ നാലു വർഷമായി മകളുടെ സിവിൽ സർവീസ് പരിശ്രമത്തിന് പൂർണ പിന്തുണയുമായി അച്ഛനും കൂടെയുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിലെ ലൈബ്രറിയും മകളുടെ വജയത്തിന് സഹായിച്ചെന്നും സുനിൽകുമാർ പറയുന്നു.
സുനിൽ കുമാർ – ശ്രീകല ദമ്പതികളുടെ മകളായ സുശ്രീ ഓൾ ഇന്ത്യാതലത്തിൽ 151 റാങ്കും കേരളത്തിൽ നാലാം റാങ്കും കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയാണ് ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് സ്വന്തമാക്കിയത്. കൊല്ലം ജില്ലയിലെ മലയോര മേഖലയായ അഞ്ചൽ ആണ് സുശ്രീയുടെ ജന്മസ്ഥലം.