ഇനി വേദനകളില്ലാത്ത ലോകത്ത്-അര്‍ബുദത്തോട് പൊരുതിയ നടി ശരണ്യ അന്തരിച്ചു
August 9, 2021 4:03 pm
0
തിരുവനന്തപുരം: ബ്രെയിന്‍ ട്യൂമറിനോടു പൊരുതി നിരവധി പേര്‍ക്ക് അതിജീവനത്തിന്‍റെ പ്രചോദന മാതൃക കാട്ടിയിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്‍റിലേറ്റര്‍ ഐ.സി.യുവിലേക്കു മാറ്റിയിരുന്നു. ജൂണ്‍ 10ന് കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മുറിയിലേക്കു മാറ്റി. എന്നാല്‍ പനി കൂടിയതിനെ തുടര്‍ന്ന് വെന്‍റിലേറ്റര്‍ ഐ.സി.യുവിലേക്കു മാറ്റുകയായിരുന്നു. പിന്നീട് സ്ഥിതി വഷളാകുകയും ചെയ്തു.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യക്ക് 2012 ലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞുവീണ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. ബ്രെയ്ന്‍ ട്യൂമറുമായി ബന്ധപ്പെട്ടും തൈറോയ്ഡ് ക്യാന്‍സറുമായി ബന്ധപ്പെട്ടും പതിനൊന്ന് ശസ്ത്രക്രിയകള്‍ നടന്നിരുന്നു. നിരവധി തവണ ആത്മവിശ്വാസം കൊണ്ട് ട്യൂമറിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ശരണ്യ അര്‍ബുദബാധിതരുടെ അതിജീവനത്തിന് എന്നും പ്രചോദനമായിരുന്നു. തുടര്‍ച്ചയായി രോഗം ആവര്‍ത്തിക്കുന്നത് ഒരു അപൂര്‍വ്വമായ കേസായി ഡോക്ടര്‍മാരും വിലയിരുത്തിയിരുന്നു.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. ‘ചാക്കോ രണ്ടാമന്‘ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്.