ബോക്സിങ്ങില്‍ വെങ്കലം നേടി ഇന്ത്യ
August 4, 2021 12:11 pm
0
ടോക്യോ: ഇന്ത്യന്‍ ബോക്സിംഗ് താരം ലവ്ലീനയ്ക്ക് വനിതകളുടെ വെല്‍ട്ടര്‍ വെയിറ്റ് 64 – 69 കിലോ വിഭാഗത്തില്‍ വെങ്കലം. സെമിയില്‍ തുര്‍ക്കിയുടെ ബുസാനസ് സുര്‍മനെല്ലിയോടാണ് ലവ്ലീന പരാജയപ്പെട്ടത്. മൂന്ന് റൗണ്ട് നീണ്ട പോരാട്ടത്തില്‍ 0 -5 നാണ് ലവ്ലീന അടിയറവ് പറഞ്ഞത്. തുര്‍ക്കി താരം മൂന്ന് റൗണ്ടിലും സമ്ബൂര്‍ണ ആധിപത്യം ലവ്ലീനയ്ക്ക് മേല്‍ ചെലുത്തിയിരുന്നു.
സെമിയില്‍ വീണുപോയെങ്കിലും അസാമില്‍ നിന്നുള്ള 23കാരിയുടെ തിളക്കം മങ്ങുന്നില്ല. ഒളിമ്ബിക്സ് ബോക്സിംഗില്‍ വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ലവ്ലീന. ഒന്‍പതുപേരുമായി ടോക്യോയിലെത്തിയ ഇന്ത്യന്‍ ബോക്സിംഗ് സംഘത്തിലെ ഏകമെഡലാണ് ലവ്‌ലിന. ഇതിഹാസതാരം മേരികോം പ്രീ ക്വാര്‍ട്ടറില്‍ നാടകീയമായി തോല്‍വി വഴങ്ങിയിരുന്നു. പൂജാറാണിയും സതീഷ് കുമാറും ക്വാര്‍ട്ടറിന്റെ കടമ്ബയില്‍ത്തട്ടി വീണിരുന്നു.
ആദ്യ മത്സരത്തില്‍ ജര്‍മ്മനിയുടെ നാദീന്‍ അപെറ്റ്സിനെ 3-2ന് ഇടിച്ചിട്ടാണ് ടോക്യോയില്‍ ലവ്‌ലിന വരവറിയിച്ചത്. ക്വാര്‍ട്ടറില്‍ ചെെനീസ് തായ് പേയ്‌യുടെ ചെന്‍ നിയെന്‍ ചിന്നിനെ 4-1ന് കീഴടക്കിയതോടെ മെഡലുറപ്പിച്ച് സെമിയിലെത്തി. വിജേന്ദര്‍ കുമാറും എം സി മേരികോമുമാണ് ഇതിന് മുമ്ബ് ഒളിമ്ബിക്സ് മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍.