Thursday, 23rd January 2025
January 23, 2025

ഒരാഴ്ച കൊണ്ട് സര്‍ക്കാരിന് കിട്ടിയത് കോടികൾ‍!

  • November 12, 2019 11:00 am

  • 0

രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളം ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ ഇളവ് വരുത്തിയിരുന്നു.

എന്നാല്‍ നിയമലംഘനങ്ങളില്‍ ആരും മോശക്കാരല്ല. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ടുമാത്രം കേരളത്തില്‍ നിന്നും മാത്രം പിരിച്ചെടുത്ത പിഴത്തുക.

6 കോടി 66 ലക്ഷം രൂപയാണ് കേരളത്തില്‍ നിന്നുമാത്രം ചുരുങ്ങിയ ദിവസം കൊണ്ട് പിരിച്ചെടുത്തത്. എന്‍എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സെപ്റ്റംബര്‍ 1 മുതല്‍ ഒക്ടോബര്‍ 26 വരെ പിഴ ഈടാക്കിയിട്ടില്ലെന്നും പിഴത്തുക കുറച്ച ശേഷമാണ് പിഴ ഈടാക്കി തുടങ്ങിയതെന്നും മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 1 വരെയുളള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്. പാലക്കാട് നിന്നാണ് ഏറ്റവും കൂടുതല്‍ തുക പിരിച്ചത്. 5 ദിവസം കൊണ്ട് 1.23 കോടി. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.