‘ജനങ്ങളെ പീഡിപ്പിക്കാന്‍ ഇങ്ങനെ ചെയ്യരുത്, ചോര്‍ത്തിയ കാര്യങ്ങളെല്ലാം പരസ്യമാക്കണം’; പെഗാസസ് വിഷയത്തില്‍ ബിജെപിക്ക് തലവേദനയുമായി നിതീഷ് കുമാര്‍
August 2, 2021 4:54 pm
0
പട്ന: പെഗാസസ് വിഷയത്തില്‍ ഇരു സഭകളിലും വലിയ ബഹളം തുടരുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ മാപ്പ് പറയണമെന്നും രാജിവയ്‌ക്കണമെന്നും മിക്ക പ്രതിപക്ഷ പാര്‍ട്ടികളും രാജ്യസഭയിലും ലോക്‌സഭയിലും ആവശ്യപ്പെടുകയാണ്. അമിത് ഷാ മറുപടി പറയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇതിനിടെ കേന്ദ്ര സര്‍ക്കാരിനെയും എന്‍.ഡി.എ മുന്നണിയെയും പ്രതിരോധത്തിലാക്കി ജനതാദള്‍ അദ്ധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ‘പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനും ശല്യപ്പെടുത്താനും ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്. പെഗാസസ് വഴി ചോര്‍ത്തിയ കാര്യങ്ങളെല്ലാം പരസ്യമാക്കണം.’ നിതീഷ് ആവശ്യപ്പെട്ടു.
17 മാദ്ധ്യമ കമ്ബനികളുടെ ഒരു കണ്‍സോര്‍ഷ്യമാണ് കഴിഞ്ഞ മാസം പെഗാസസ് വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയും രണ്ട് കേന്ദ്രമന്ത്രിമാരുമുള്‍പ്പടെ നിരവധി പ്രമുഖരെയും മാദ്ധ്യമ പ്രവര്‍ത്തകരെയും നിരീക്ഷിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍.
പ്രതിപക്ഷ കക്ഷികള്‍ ഈ വിഷയം സഭയില്‍ സജീവമാക്കിയതോടെ മിക്ക ദിവസവും സഭാ നടപടികള്‍ തടസപ്പെട്ടു. വിഷയത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷണ വിധേയമാക്കണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും വേണമെന്നായിരുന്നു നിതീഷിന്റെ ഉത്തരം.