Friday, 24th January 2025
January 24, 2025

കേരളം പത്തു ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിച്ചില്ല; സംസ്ഥാനത്തെ രോഗ വ്യാപനത്തില്‍ ആശങ്കയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

  • July 23, 2021 10:43 am

  • 0

ന്യൂദല്‍ഹി: കേരളത്തിന് നല്‍കിയ പത്തു ലക്ഷം ഡോസ് വാക്സിന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ. സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാരായ ടി.എന്‍. പ്രതാപനും ഹൈബി ഈഡനും നിവേദനം നല്‍കാനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപിമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വാക്സിന്‍ ഡോസുകളുടെ കണക്കുകള്‍ എംപിമാരെ കേന്ദ്രമന്ത്രി കാണിച്ചു. സംസ്ഥാനത്തിന്റെ കൈവശമുള്ള പത്ത് ലക്ഷം ഡോസ് ഉപയോഗിച്ചതിന് ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് ഇനിയും വാക്സിന്‍ നല്‍കാന്‍ തയാറാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കി.

കേരളത്തില്‍ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതാണെന്നും എന്നിട്ടും രോഗ വ്യാപനത്തിന് ശമനമില്ലാത്തത് ആശങ്കപ്പെടുത്തുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരള സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം ദുര്‍ബലമാണെന്നതിന്റെ തെളിവല്ലേ ഇപ്പോഴുള്ള സ്ഥിതിയെന്ന് കേന്ദ്രമന്ത്രി ചോദിച്ചുവെന്നും എംപിമാര്‍ പറഞ്ഞു. വാക്സിനേഷന്‍ കൃത്യമായി നടത്താനായാല്‍ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുമെന്നും ആവശ്യാനുസരണം വാക്സിന്‍ നല്‍കി സഹായിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.