Friday, 24th January 2025
January 24, 2025

ഇന്ത്യയില്‍ ആദ്യ സംഭവം, രണ്ട് ഡോസ് വാക്സിനെടുത്ത വനിത ഡോക്ടറില്‍ ഒരേസമയം രണ്ട് കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി

  • July 21, 2021 11:33 am

  • 0

ഗുവാഹത്തി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിതരായ ഒരാളില്‍ തന്നെ ഒന്നില്‍ കൂടുതല്‍ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി അത്തരമൊരു കേസ് ആസാമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. രണ്ട് വാക്സിനുകളും സ്വീകരിച്ച വനിത ഡോക്ടറിലാണ് കൊവിഡ് വകഭേദങ്ങളായ ആല്‍ഫയും ഡെല്‍റ്റയും കണ്ടെത്തിയത്. സാധാരണ ഗതിയില്‍ ഇരട്ട വകഭേദങ്ങള്‍ ഒരാളില്‍ വരുന്നത് അപകടകരമായ അവസ്ഥയാണ്. എന്നാല്‍ വാക്സിന്റെ ഗുണമേന്മയാല്‍ ഗുവാഹത്തിയില്‍ അസുഖം ബാധിച്ച ഡോക്ടര്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. ഗുവാഹത്തി റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച്‌ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് ഡോബി ജെ ബോര്‍കകോട്ടി പറഞ്ഞു.

തൊണ്ടവേദന, ശരീരവേദന, ഉറക്കമില്ലായ്മ എന്നീ ബുദ്ധിമുട്ടുകളാണ് രോഗ ബാധിതയായ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നത്. യുകെ, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലാണ് ഒരാളില്‍ ഇരട്ട വകഭേദം കണ്ടെത്തിയത് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

രണ്ട് വകഭേദങ്ങള്‍ ഒരു വ്യക്തിയെ ഒരേസമയം അല്ലെങ്കില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ബാധിക്കുമ്ബോഴാണ് ഇരട്ട അണുബാധ സംഭവിക്കുന്നത്. ഒരാള്‍ക്ക് ഒരു വകഭേദം ബാധിക്കുമ്ബോഴും പ്രതിരോധശേഷി വികസിക്കുന്നതിനുമുമ്ബും ഇത് സംഭവിക്കുന്നുവെന്ന് ഗുവാഹത്തി റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച്‌ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് അഭിപ്രായപ്പെട്ടു.