ശ്രീലങ്കന്‍ പര്യടനം; ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ, മികച്ച പ്രകടനവുമായി യുവനിര
July 19, 2021 8:53 am
0
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ട്ടത്തില്‍ 262 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിര 14 ഓവര്‍ ബാക്കി നില്‍ക്കെ തകര്‍പ്പന്‍ പ്രകടനവുമായി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 1-0 ന് മുന്‍പിലാണ്.
ഇന്ത്യയുടെ നായകന്‍ ശിഖര്‍ ധവാനും ഇഷാന്‍ കിഷനും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കിയത്. നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ 86 റണ്‍സാണ് ധവാന്‍ സ്വന്തമാക്കിയത്.
ഇഷാന്‍ കിഷന്‍(59), പൃഥ്വി ഷാ(43), മനീഷ് പാണ്ഡെ(26), സൂര്യകുമാര്‍ യാദവ്(31) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍. ഏകദിനത്തില്‍ 6000 റണ്‍സെന്ന നേട്ടവും മത്സരത്തിനിടെ ധവാന് സ്വന്തമായി. ഏകദിന അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ 33 പന്തില്‍ 50 റണ്‍സുമായി ഏകദിന അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറി എന്ന നേട്ടവും സ്വന്തമാക്കി.