‘ഇതൊരു കസ്റ്റഡി കൊലപാതകം’, ‘അദ്ദേഹം നീതി അര്‍ഹിച്ചിരുന്നു’, സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ രോഷം
July 5, 2021 6:05 pm
0
ദില്ലി: മനുഷ്യാവകാശ പ്രവര്‍ത്തകനും പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു. ദളിത്–ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ ഭീമ–കൊറേഗാവ് കലാപത്തില്‍ ബന്ധം ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം നീതിയും മനുഷ്യത്ത്വവും അര്‍ഹിച്ചിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്ന് സിപിഎം തുറന്നടിച്ചു. സിപിഎം പ്രസ്താവന: ”ദേശീയ താല്‍പര്യം ഇപ്പോള്‍ സംരക്ഷിക്കപ്പെട്ടോ മിസ്റ്റര്‍ പ്രധാനമന്ത്രീ ? ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തില്‍ സിപിഎം ദുഖം രേഖപ്പെടുത്തുന്നു. ഇതൊരു കസ്റ്റഡി കൊലപാതകമാണ്. അദ്ദേഹം നിരവധി രോഗങ്ങളാല്‍ ദുരിതം അനുഭവിക്കുമ്ബോഴും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി എന്‍ഐഎ അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത് തടഞ്ഞു. ഒടുവില്‍ കോടതി ഇടപെട്ടാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാലത് വളരെ അധികം വൈകിപ്പോയിരുന്നു. മിസ്റ്റര്‍ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ മരണം നിങ്ങളുടെ സര്‍ക്കാരിന്റെ ക്രൂരമായ ഏകാധിപത്യത്തിന്റെ തെളിവാണ്. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കൂ”.