Saturday, 25th January 2025
January 25, 2025

മൊഡേണ വാക്​സിന്‍ ജൂലൈ മധ്യത്തോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തും

  • July 5, 2021 2:56 pm

  • 0

ന്യൂഡല്‍ഹി: സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ മരുന്ന്​ നിര്‍മാതാക്കളായ മൊ​ഡേണയുടെ കോവിഡ്​ വാക്​സിന്‍ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ലഭ്യമാകുമെന്ന്​ റിപ്പോര്‍ട്ട്​. ജൂ​ലൈ 15ഓടെ മൊഡേണ വാക്​സിന്‍ ചില മേജര്‍ ആശുപത്രികളില്‍ എത്തുമെന്ന്​ എക്കണോമിക്​ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. കഴിഞ്ഞ ആഴ്​ചയാണ്​ സിപ്ലക്ക്​ മോഡേണ വാക്​സിന്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ്​ റെഗുലേറ്ററുടെ അനുമതി ലഭിച്ചത്​.

ഇറക്കുമതി ചെയ്യുന്ന വാക്​സിന്‍ കേന്ദ്ര സര്‍ക്കാറിന്​ കൈമാറുകയും അവ സൂക്ഷിച്ച്‌​ വെക്കാന്‍ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്യും. ഏഴ്​ മാസം ​വാക്​സിന്‍ സൂക്ഷിച്ച്‌​ വെക്കാന്‍ മൈനസ്​ 20 ഡിഗ്രി സെല്‍ഷ്യസ്​ താപനില ആവശ്യമാണ്​.

ഒരുമാസത്തേക്ക്​ സൂക്ഷിക്കാന്‍ 2-8 ഡിഗ്രി സെല്‍ഷ്യസ്​ താപനില മതിയാകും. 28 ദിവസത്തെ ഇടവേളയില്‍ രണ്ട്​ ഡോസ്​ ആയിട്ടാണ്​ വാക്​സിന്‍ നല്‍കുക. മൊഡേണ വാക്​സിന്‍ കോവിഡിനെതിരെ 90 ശതമാനം പ്രതിരോധം നല്‍കുമെന്നാണ്​ കണ്ടെത്തിയിരുന്നു​. അള്‍ട്രാ കോള്‍ഡ്​ ചെയിന്‍ ഉപകരണങ്ങള്‍ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്​സിന്‍ ലഭ്യമാകുകയെന്ന് മുതിര്‍ന്ന​ സര്‍ക്കാര്‍ ഉദ്യോഗസ്​ഥന്‍ പറഞ്ഞു.

കോവിഡ്​ ബാധ രുക്ഷമായ രാജ്യങ്ങള്‍ക്ക്​ വാക്​സിന്‍ സംഭാവന നല്‍കാന്‍ യു.എസിലെ ജോ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചതും സന്തോഷ വാര്‍ത്തയാണ്​. 2.5 കോടി ഡോസ്​ വാക്​സിന്‍ യു.എസ്​ ഇന്ത്യക്ക്​ നല്‍കിയേക്കും. ഇതില്‍ എത്ര ഡോസ്​ മൊഡേണ വാക്​സിന്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

രാജ്യത്ത്​ ഇതുവരെ 35 കോടി ഡോസ്​ വാക്​സിന്‍ വിതരണം ചെയ്​തു കഴിഞ്ഞു. പ്രായപൂര്‍ത്തിയായ എല്ലാവരെയും ഈ വര്‍ഷം അവസാനത്തോടെ വാക്​സിനേഷന്​ വിധേയമാക്കാനാണ്​ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്​. കോവിഷീല്‍ഡ്​, കോവാക്​സിന്‍, സ്​പുട്​നിക്​ വി, മൊഡേണ എന്നീ വാക്​സിനുകള്‍ക്കാണ്​ ഇന്ത്യയില്‍ അനുമതി ലഭിച്ചത്​.