Saturday, 25th January 2025
January 25, 2025

വി മുരളീധരന് വകുപ്പ് മാറ്റത്തിന് സാധ്യത; സ്വതന്ത്ര ചുമതല കിട്ടിയേക്കും, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

  • July 2, 2021 5:10 pm

  • 0

ദില്ലി: കേന്ദ്രമന്ത്രിസഭ വൈകാതെ പുനഃസംഘടിപ്പിക്കും. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെ വകുപ്പില്‍ മാറ്റം വന്നേക്കുമെന്ന് സൂചന. പാര്‍ലമെന്ററി കാര്യം, വിദേശകാര്യം എന്നിവയുടെ സഹമന്ത്രി പദവിയാണ് ഇപ്പോള്‍ മുരളീധരനുള്ളത്. ഇതില്‍ വിദേശകാര്യം നിലനിര്‍ത്തിയേക്കും. പാര്‍ലമെന്ററി കാര്യം മാറ്റി ടൂറിസം വകുപ്പ് നല്‍കിയേക്കുമെന്നാണ് വിവരം. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, കേരളത്തില്‍ മറ്റു നേതാക്കളെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കില്ല എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി ഘടകം നടത്തിയ പ്രവര്‍ത്തനത്തില്‍ കേന്ദ്രത്തിന് അതൃപ്തിയുണ്ട്തിരഞ്ഞെടുപ്പിന് പിന്നാലെ ഒട്ടേറെ വിവാദങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ വരെ ഉള്‍പ്പെട്ടതും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമാണ്.

നേരത്തെ പാര്‍ട്ടിയില്‍ പല കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രമുഖര്‍ക്കും ഇത്തവണ കേന്ദ്ര മന്ത്രിസഭയില്‍ പരിഗണന കിട്ടുമെന്നാണ് വിവരം. അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മധ്യപ്രദേശില്‍ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യ, ബിഹാറില്‍ നിന്നുള്ള സുശീല്‍ കുമാര്‍ മോദി, ജെഡിയു, എല്‍ജെപി, അപ്‌നാ ദള്‍ എന്നീ സഖ്യകക്ഷികള്‍ക്കും മന്ത്രിപദവി നല്‍കിയേക്കും. യുപി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അപ്‌നാദളിനെ പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്നാണ് വിവരം.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയെങ്കിലും സോനോവാളിനെ മുഖ്യമന്ത്രിയാക്കിയിരുന്നില്ല. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ച്‌ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ആശ്വസിപ്പിക്കുമെന്നാണ് വിവരം. അദ്ദേഹം കഴിഞ്ഞാഴ്ച ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു.