Saturday, 25th January 2025
January 25, 2025

ജമ്മുവില്‍ തുടര്‍ച്ചയായ നാലാംദിവസവും സൈനിക മേഖലക്ക് സമീപം ഡ്രോണ്‍; സുരക്ഷ ശക്തമാക്കി

  • June 30, 2021 10:49 am

  • 0

ജമ്മു: ജമ്മുവില്‍ സൈനിക മേഖലക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. തുടര്‍ച്ചയായ നാലാംദിവസമാണ് ഡ്രോണുകള്‍ കണ്ടെത്തുന്നത്. ഇതോടെ മേഖലയില്‍ സുരക്ഷ ശക്തമാക്കി.

ബുധനാഴ്ച പുലര്‍ച്ചെ മിരാന്‍ സാഹിബ്, കലുചക്, കുഞ്ജാവനി മേഖലകളിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. 4.40നാണ് കലുചകില്‍ ഡ്രോണ്‍ കണ്ടത്. 4.52ന് കുഞ്ജാവനിയിലും ഡ്രോണ്‍ കണ്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ നാല് ദിവസത്തിനിടെ ജമ്മുവിലെ സൈനിക മേഖലകളില്‍ ഡ്രോണ്‍ കണ്ടെത്തിയ ഏഴ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെ ജമ്മുവിലെ സൈനിക വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ നടത്തിയ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് നിസാര പരിക്കേറ്റിരുന്നുകെട്ടിടത്തിന്റെ മേല്‍ക്കൂരക്കും തകരാര്‍ സംഭവിച്ചിരുന്നു.

തൊട്ടുപിന്നാലെ, തിങ്കളാഴ്ച പുലര്‍ച്ചെ കലുചക്രത്നുചക് മേഖലയില്‍ സൈനിക കേന്ദ്രത്തിന് സമീപം കണ്ടെത്തിയ ഡ്രോണുകള്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തിരുന്നു. ആക്രമണ ശ്രമം സൈനികരുടെ ഇടപെടലിലൂടെ വഴിമാറിയതായാണ് സൈന്യം പ്രസ്താവിച്ചത്. ചൊവ്വാഴ്ച രത്നുചാക്കുഞ്ജാവനി മേഖലയിലാണ് മൂന്നു തവണയായി ഡ്രോണ്‍ കണ്ടത്.

സ്ഫോടക വസ്തുക്കള്‍ വര്‍ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുവെന്നതിനെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ വിലയിരുത്തുന്നത്. വന്‍ സുരക്ഷാ മേഖലകളില്‍ പോലും ഭീഷണി സൃഷ്ടിക്കുന്നവയാണ് ഇത്തരം നീക്കങ്ങള്‍. പാക് അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഡ്രോണുകളില്‍ തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ ഇന്ത്യന്‍ മേഖലയിലേക്ക് കടത്തുന്ന സംഭവങ്ങള്‍ മുമ്ബുണ്ടായിട്ടുണ്ട്.