മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എന്‍. ശേഷന്‍ അന്തരിച്ചു
November 11, 2019 11:00 am
0
ഇന്ത്യന്‍ തിരഞ്ഞെടുപ്പുരംഗത്തെ ശുദ്ധീകരിക്കുകയും അടിമുടി പരിഷ്‌കരിക്കുകയുംചെയ്ത മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ (87) അന്തരിച്ചു. ഞായറാഴ്ചരാത്രി ഒന്‍പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം.
രാജ്യത്തിന്റെ പത്താം തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്നു. ചെന്നൈ ആല്‍വാര്‍പേട്ട സെയ്ന്റ് മേരീസ് റോഡിലെ 112-ാം നമ്പര്‍ ബംഗ്ലാവിലായിരുന്നു താമസം. പാലക്കാട് തിരുനെല്ലായി സ്വദേശിയാണ്.
ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് 1990 ഡിസംബര്‍ 12-നാണ് ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായത്. അതുവരെ ആസൂത്രണ കമ്മിഷനിലെ അപ്രധാന തസ്തികയിലായിരുന്നു. പുതിയ പദവിയിലിരുന്ന് അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷന്റെ കരുത്തും ശേഷിയും രാജ്യത്തിനു കാട്ടിക്കൊടുത്തു. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന്‍ എന്തെന്ന് ജനം അറിഞ്ഞു.
തിരഞ്ഞെടുപ്പുകാലത്തെ ചുമരെഴുത്തുകള്‍ക്ക് ശേഷന്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. അനുവദിക്കപ്പെട്ടതിലുമേറെ തുക പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്നതും നിയന്ത്രിച്ചു. വോട്ടര്‍മാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയം കൊണ്ടുവന്നതും അതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിവെച്ചതും അദ്ദേഹമായിരുന്നു.
‘നിര്‍വാചന്‍ സദ‘നിലെ ‘അല്സേഷ്യന്‘ എന്ന പേരുവീഴാന്‍ ഈ കര്‍ക്കശമായ ഇടപെടലുകള്‍ ധാരാളമായിരുന്നു. ശേഷനെ നിയന്ത്രിക്കാന്‍ ഭരണഘടനാഭേദഗതി കൊണ്ടുവരാന്‍പോലും നരസിംഹ റാവു സര്‍ക്കാര്‍ നിര്‍ബന്ധിതമായി. 1996 ഡിസംബര്‍ 11-ന് അദ്ദേഹം പദവി ഒഴിയുമ്പോള്‍, രാജ്യമൊട്ടുക്കും വോട്ടര്‍മാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങിയിരുന്നു.
തിരുനെല്ലായി നാരായണ അയ്യര്‍ ശേഷന്‍ 1955 ബാച്ച് തമിഴ്നാട് കേഡര്‍ ഐ.എ.എസ്. ഓഫീസറാണ്. 1996-ല്‍ രമണ്‍ മഗ്സസെ പുരസ്‌കാരത്തിന് അര്‍ഹനായി. അക്കൊല്ലം രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്ന കെ.ആര്‍. നാരായണനെതിരേ മത്സരിച്ചു. ശിവസേനയുടെ പിന്തുണയോടെ ഗോദയിലിറങ്ങിയ അദ്ദേഹം പക്ഷേ, തോറ്റു.
ഭാര്യ ജയലക്ഷ്മി കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അന്തരിച്ചു. ഇവര്‍ക്കു മക്കളില്ല.