മലയാള സിനിമയ്‌ക്ക് നഷ്‌ടം 900 കോടി; തീയേറ്റര്‍ ഉടമകളെ തിരിഞ്ഞുനോക്കാതെ, സര്‍ക്കാര്‍ ഒ ടി ടി തുടങ്ങുന്നതില്‍ ആശങ്ക
June 21, 2021 10:54 am
0
തിരുവനന്തപുരം: അണ്‍ലോക്ക് കാലമായിട്ടും സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ നേരിടുന്നത് ഗുരുതര സാമ്ബത്തിക പ്രതിസന്ധി. ഒന്നാം ലോക്ക്‌ഡൗണ്‍ കാലത്ത് ലഭിച്ച ആനുകൂല്യങ്ങള്‍ പോലും രണ്ടാം തരംഗത്തോട് അനുബന്ധിച്ച് വന്ന പൂട്ടിയിടലില്‍ ലഭിക്കാതെ പോയതോടെയാണ് തീയേറ്റര്‍ ഉടമകള്‍ നട്ടം തിരിയുന്നത്. ഒന്നാം ലോക്ക്‌ഡൗണ്‍ കാലത്ത് വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ അമ്ബത് ശതമാനം ഇളവ് സര്‍ക്കാര്‍ നല്‍കിയിരുന്നു. മാത്രമല്ല ബാക്കി അമ്ബത് ശതമാനം അടയ്‌ക്കാനായി ആറ് മാസം സാവകാശവും ലഭിച്ചു.
വൈദ്യുതി ചാര്‍ജില്‍ ഇളവ് നല്‍കിയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട നികുതികളില്‍ യാതൊരു ആനുകൂല്യവും നല്‍കിയിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങള്‍ പെനാല്‍റ്റിയോടെയാണ് പിന്നീട് നികുതിതുക തീയേറ്റര്‍ ഉടമകളില്‍ നിന്ന് വാങ്ങിയത്. ചലച്ചിത്ര അക്കാദമിക്കും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ഒരു വര്‍ഷം നിശ്‌ചിതതുക തീയേറ്ററുകള്‍ അടയ്‌ക്കേണ്ടതുണ്ട്. ഇവയിലൊന്നും യാതൊരു ഇളവും നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല.
ജനുവരി പകുതി മുതല്‍ ഏപ്രില്‍ പകുതി വരെയാണ് സംസ്ഥാനത്ത് തീയേറ്ററുകള്‍ പകുതി സീറ്റുകളോടെ തുറന്നുപ്രവര്‍ത്തിച്ചത്. അതില്‍ അവസാനത്തെ മൂന്നാഴ്‌ച മാത്രമായിരുന്നു ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന സെക്കന്‍ഡ് ഷോ ഉണ്ടായിരുന്നത്. സാധാരണ ലഭിക്കുന്നതില്‍ നിന്ന് മുപ്പത് ശതമാനത്തിനകത്ത് വരുമാനം മാത്രമാണ് ഈ സമയത്ത് തീയേറ്ററുകള്‍ക്ക് ലഭിച്ചിരുന്നത്. വിജയ് ചിത്രവും പ്രീസ്റ്റും തരക്കേടില്ലാതെ ഓടിയത് ഒഴിച്ചാല്‍ മറ്റ് ചിത്രങ്ങള്‍ക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 45,000 രൂപ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ അറുപതിനായിരം രൂപയാണ് ഫിക്‌സഡ് ചാര്‍ജ് ഈടാക്കുന്നതെന്ന് തീയേറ്റര്‍ ഉടമകള്‍ പറയുന്നു. ഷോ ഇല്ലെങ്കിലും തീയേറ്ററുകള്‍ ദിവസും തുറന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
17 മാസത്തിനിടെ 900 കോടിയുടെ നഷ്‌ടമാണ് മലയാളസിനിമ നേരിട്ടത്. കേരളത്തില്‍ 620 തിയേറ്ററുകളാണ് ഉള്ളത്. അതില്‍ 289 എണ്ണം മള്‍ട്ടിപ്ലെക്‌സുകളാണ്. ആറ് ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്ന സൂപ്പര്‍ താര ചിത്രങ്ങള്‍. 270 കോടിയുടെ ബഡ്‌ജറ്റാണ് മൊത്തത്തില്‍ ഈ ചിത്രങ്ങള്‍ക്ക് ഉള്ളത്. മോഹന്‍ലാല്‍– പ്രിയദര്ശന് ടീമിന്‍റെ മരയ്ക്കാര്‍ അറബി കടലിന്‍റെ സിംഹമാണ് പ്രുഖ റിലീസ്. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ താരത്തിന്‍റെ ചിത്രം ഒടിടിയിലേക്ക് ഇല്ലെന്ന് നിര്‍മ്മാതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ചിത്രം ഓണം റിലീസായി തീയേറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി. എന്നാല്‍ അപ്പോഴും തിയേറ്റര്‍ തുറക്കുമെന്ന് ഉറപ്പില്ല. തുറന്നാലും മൂന്നാംതരംഗം എപ്പോഴെന്ന ആശങ്കയും തീയേറ്റര്‍ ഉടമകളെ ആശങ്കയിലാഴ്‌ത്തുന്നു.
പെരുവഴിയിലായവര്‍
മേയ് എട്ടിന് ലോക്ക്‌ഡൗ പ്രഖ്യാപിക്കുമ്ബോള്‍ 60 പടങ്ങളായിരുന്നു റിലീസിന് കാത്തിരുന്നത്. വര്‍ഷം 800 കോടിയുടെ വരുമാനമാണ് മലയാള സിനിമയ്‌ക്കുളളത്. എന്നാല്‍ കൊവിഡ് വന്നതോടെ 5000 പേര്‍ നേരിട്ടും പതിനായിരം മറ്റ് മാര്‍ഗങ്ങളിലൂടെയും തൊഴിലില്ലാത്തവരായി. കൊവിഡ് വരുംമുമ്ബേ തന്നെ മലയാള സിനിമ പ്രതിസന്ധിയിലായിരുന്നുവെന്ന് നിര്‍മാതാക്കള്‍ പറയുന്നു. 2019ല്‍ 192 ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസായപ്പോള്‍ വെറും 23 ചിത്രങ്ങളാണ് മുടക്ക് മുതല്‍ തിരിച്ചുപിടിച്ചത്. അതില്‍ തന്നെ ഏഴ് ചിത്രങ്ങളാണ് ബോക്‌സോഫീസ് ഹിറ്റുകള്‍.
വലിയ കമ്ബനികളില്ല
തമിഴിലോ തെലുങ്കിലോ കന്നഡയിലോ ഉള്ളത് പോലെ വലിയ നിര്‍മ്മാണ കമ്ബനികളല്ല കേരളത്തിലുള്ളത്. ഉളളതിനൊന്നും കോര്‍പ്പറേറ്റ്–രാഷ്ട്രീയ പിന്തുണയുമില്ല. ഇവിടെയുള്ളത് ചെറിയ നിര്‍മ്മാണ കമ്ബനികളാണ്. ഇതില്‍ പലതും എന്‍ ആര്‍ ഐ ഫണ്ടിംഗുള്ളതാണ്. പടം പൊട്ടിയാല്‍ ഇവര്‍ വൈകാതെ തിരിച്ചുപോകും. ആന്‍റണി പെരുമ്ബാവൂരിന്‍റെ ആശീര്‍വാദ് സിനിമാസ്, ഗുഡ്‌വില്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, ഗോകുലന്‍ ഗോപാലന്‍, ആന്‍റോ ജോസഫ് എന്നിവരുടെ നിര്‍മ്മാണ കമ്ബനികളാണ് മലയാളത്തില്‍ നിലവിലുള്ള വലിയ കമ്ബനികള്‍.
ഒടിടി വില്ലനാകും
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ തീയേറ്ററുകള്‍ക്ക് ഭീഷണിയായി നിലനില്‍ക്കുമ്ബോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഒടിടി തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പുതിയ സംരംഭം തുടങ്ങുന്നതിനെ എതിര്‍ക്കില്ലെങ്കിലും എന്തെങ്കിലും പ്രത്യേക മാനദണ്ഡങ്ങളോടെ ഒടിടി തുടങ്ങണമെന്നാണ് തീയേറ്റര്‍ ഉടമകളുടെ പക്ഷം. ഒടിടിക്ക് വേണ്ടി മാത്രം ഇറക്കുന്ന ചിതങ്ങളാണെങ്കില്‍ അത് തീയേറ്ററുകളെ ബാധിക്കില്ല. എന്നാല്‍ തീയേറ്റര്‍ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോകുന്നത് വലിയ നഷ്‌ടമുണ്ടാക്കും.