ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? സിനിമാ ഷൂട്ടിംഗ് അനുവദിക്കാത്തതിനെതിരെ അല്‍ഫോണ്‍സ് പുത്രന്‍
June 16, 2021 1:10 pm
0
കൊവിഡ് വ്യാപനം ആരംഭിച്ചതോടെ പലരുടെയും ജോലി പോയി. അതില്‍ എടുത്തുപറയേണ്ടവരാണ് സിനിമാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. തീയേറ്ററുകള്‍ അടയ്ക്കുകയും, ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ പലരും പട്ടിണിയിലായി.
നിയന്ത്രണങ്ങളോടെ ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഇപ്പോഴിതാ സിനിമാ പ്രവര്‍ത്തകരെ എന്തുകൊണ്ട് ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ചോദിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.
‘എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിംഗ് അനുവദിക്കാത്തത്? പാലും,ഭക്ഷണവുമൊക്കെ വില്‍ക്കുന്നവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നു. എന്തുകൊണ്ട് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല?
ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് വാങ്ങിക്കും? എങ്ങനെ കുട്ടികളെ പഠിപ്പിക്കും? കുട്ടികള്‍ക്കായി എങ്ങനെ ഒരു പെന്‍സില്‍ ബോക്‌സ് വാങ്ങും? എങ്ങനെയാണ് ഞങ്ങള്‍ പണം സമ്ബാദിക്കുക?’ തിയേറ്ററുകളിലെപോലെ ഷൂട്ടിംഗ് നടക്കില്ല. ക്ലോസ്‌അപ് ഷോട്ടോ, വൈഡ് ഷോട്ടോ എടുക്കണമെങ്കില്‍ പോലും രണ്ട് മീറ്റര്‍ മാറിനില്‍ക്കണം. പിന്നെ എന്തുലോജിക് ആണ് നിങ്ങള്‍ ഇവിടെ പറയുന്നത്. ആലോചിച്ച് ഇതിനൊരു പരിഹാരം പറയൂ.’-അദ്ദേഹം കുറിച്ചു.