കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു
November 11, 2019 9:53 am
0
ശിവസേന മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് മുന്നോടിയായി എൻഡിഎ വിടുന്നു. മോദി മന്ത്രിസഭയിലെ ഏക ശിവസേന അംഗം അരവിന്ദ് സാവന്ത് രാജിവെച്ചു. എൻസിപി, ശിവസേനയോട് മഹാരാഷ്ട്രയിൽ സഖ്യത്തിന് എൻഡിഎ ബന്ധം ഉപേക്ഷിക്കണമെന്നും കേന്ദ്രമന്ത്രിസഭയിൽനിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ടിരുന്നു.
മോദി മന്ത്രിസഭയിൽ ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്‍റർപ്രൈസസ് വകുപ്പ് മന്തര്ിയായിരുന്നു അരവിന്ദ് സാവന്ത്. കാൽ നൂറ്റാണ്ട് നീണ്ട ബിജെപി ബന്ധം പൂർണമായി ഉപേക്ഷിക്കുന്നതിന്‍റെ ഭാഗമാണ് ശിവസേനയുടെ പുതിയ നീക്കം.
മഹാരാഷ്ട്രയിൽ ശിവസേനയെ സർക്കാർ രൂപീകരണത്തിന് ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണ് ആദ്യം സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചത്. എന്നാൽ സഖ്യകക്ഷിയായിരുന്ന ശിവസേനയുമായി മുഖ്യമന്ത്രിപദം സംബന്ധിച്ച് ധാരണയിൽ എത്താൻ ബിജെപിക്ക് സാധിച്ചിരുന്നില്ല. 288 അംഗങ്ങളുള്ള നിയമസഭയിൽ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 105ഉം ശിവസേനയ്ക്ക് 56 അംഗങ്ങളുമാണുള്ളത്.