11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നൃത്ത അധ്യാപകൻ അറസ്റ്റിൽ
November 9, 2019 9:00 pm
0
നൃത്ത അധ്യാപകനെ 11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബാലസുബ്രഹ്മണ്യന്‍ എന്ന രവിശര്‍മ്മയാണ് (53) അറസ്റ്റിലായത്. രത്‍നാലയ എന്ന പേരില്‍ രവിശര്‍മ്മ നടത്തുന്ന നൃത്തവിദ്യാലയത്തിൽ ഭരതനാട്യം പഠിക്കാനെത്തിയ കുട്ടിയാണ് പീഡനത്തിനിരയായത്. തമിഴ്‍നാട്ടിലെ ആവടിയിലാണ് സംഭവം.
കഴിഞ്ഞ നാല് വര്‍ഷമായി രത്‍നാലയത്തിൽ നൃത്തം പഠിക്കുകയാണ് കുട്ടി. ഒക്ടോബര്‍ 29-ാം തിയതി മുതൽ കുട്ടിയെ രാവിലെ എട്ട് മണിക്ക് ക്ലാസിലേക്ക് അയയ്ക്കണമെന്ന് രവിശര്‍മ്മ ആവശ്യപ്പെട്ടിരുന്നതായി കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു നൃത്ത ശില്‍പത്തിന്‍റെ പരിശീലനമെന്ന് പറഞ്ഞാണ് കുട്ടിയെ നേരത്തെ ക്ലാസിലേക്കയക്കാൻ ആവശ്യപ്പെട്ടത്. ഇതേതുടർന്ന് എട്ട് മണി മുതൽ 11:30 വരെ കുട്ടി ഡാൻസ് ക്ലാസിൽ ചിലവഴിച്ചിരുന്നു.
ഈ മാസം ആദ്യം തന്റെ കൂട്ടുകാരി ഡാൻസ് പഠനം നിർത്തിയ വിവരം കുട്ടി അമ്മയോട് പറഞ്ഞിരുന്നു. അധ്യാപകന്‍ കൂട്ടുകാരിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് പഠനം അവസാനിപ്പിച്ചതെന്നും പെൺക്കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് താനും പീഡനത്തിന് ഇരയായതെന്ന് പെൺക്കുട്ടി അമ്മയോട് പറയുന്നത്. ഇതേത്തുടർന്ന് പെൺക്കുട്ടിയും അമ്മയും ആവടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രവിശര്‍മ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.