Wednesday, 22nd January 2025
January 22, 2025

ബ്ലാക്ക് ഫം​ഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്മാര്‍; രോ​ഗം കൂടുതല്‍ പ്രമേഹ രോ​ഗികളില്‍, കേരളത്തിന് മുന്നറിയിപ്പ്

  • May 22, 2021 10:18 am

  • 0

ന്യൂഡല്‍ഹി; കോവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫം​ഗസും രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും രോ​ഗവ്യാപനം വര്‍ധിക്കുകയാണ്. ബ്ലാക്ക്ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍. ഇന്ത്യയിലെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്. 101 പേരില്‍ 83 പേര്‍ പ്രമേഹ രോഗികളായിരുന്നു. 76 പേര്‍ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരില്‍ മൂക്കിലും സൈനസിലും ആണ് ഫംഗല്‍ ബാധ കണ്ടത്. ഫം​ഗസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളം ജാഗ്രത പാലിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ മുന്നറിയിപ്പ്രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കണമെന്നും കൊവിഡ‍് വന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നുമാണ് നിര്‍ദേശം.

അതിനിടെ കോവിഡ് ബാധിതരില്‍ ഫം​ഗസ് ബാധ വര്‍ധിക്കുന്നതിനാല്‍ ചികിത്സയുടെ ഏകോപനത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏഴംഗ സമിതി രൂപീകരിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കണ്‍വീനറായുള്ള സമിതിയാണിത്. എല്ലാ ദിവസവും സമിതി ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. വിവിധ ജില്ലകളില്‍ നിന്നുള്ള ഒന്‍പത് പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കണ്ണ് വേദനയും കണ്ണില്‍ നിന്ന് വെള്ളം വരുന്നതും കണ്ണ് തള്ളി നില്‍ക്കുന്നത് പോലെ തോന്നുന്നതും ഉടന്‍ ചികില്‍സിക്കണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. ചികില്‍സ വൈകിയാല്‍ കണ്ണ് ചലിക്കാതെ ആവുകയും കാഴ്ച പെട്ടെന്ന് ഇല്ലാതാവുകാണ് ചെയ്യുക. മൂക്ക് ചീറ്റുമ്ബോള്‍ കറുത്ത നിറത്തിലുള്ളത് വരുന്നു എങ്കില്‍ അതും ബ്ലാക്ക് ഫംഗസിന്‍റെ ലക്ഷണമായാണ് വിദഗ്ധര്‍ പറയുന്നത്.