Thursday, 23rd January 2025
January 23, 2025

അയോധ്യാ കേസ് ;സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി

  • November 9, 2019 12:36 pm

  • 0

സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെഴുത്ത് അയോധ്യാ കേസില്‍. ക്ഷേത്രത്തിന് തർക്കഭൂമി നൽകും. അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി പള്ളിക്കായി പകരം നൽകും. കേന്ദ്രസർക്കാർ പള്ളിക്കായി തർക്കഭൂമിക്ക് പുറത്ത് ഭൂമി ഏറ്റെടുത്തു നൽകണമെന്നും വിധിയിൽ പറയുന്നു. കേന്ദ്രം ഇതിനായി മൂന്നുമാസത്തിനുള്ളിൽ പദ്ധതി തയാറാക്കണം. സുന്നി വഖഫ് ബോർഡിന് ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും ഇതിന് രേഖ ആവശ്യമാണെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. കോടതി തീരുമാനം വിശ്വാസം അനുസരിച്ചല്ല. നിയമം അനുസരിച്ചാണെന്നും വിധിയിൽ എടുത്തു പറയുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അരമണിക്കൂറോളം നീണ്ട വിധി പ്രസ്താവന ആരംഭിച്ചത്.

2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാനായി 2010 ലെ അലഹബാദ് ഹൈക്കോടതി നൽകിയ വിധി സുപ്രീംകോടതി തള്ളി. വിധിപ്രസ്താവന പരിഗണിച്ച് രാജ്യം അതീവ ജാഗ്രതയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തിലാണ് പരമോന്നത കോടതി അന്തിമ തീര്‍പ്പ് പ്രഖ്യാപിച്ചത്. ഈ വർഷം ഒക്ടോബർ 16 നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. അതിനിടെ, ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്തെ സുരക്ഷാനില ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ രാവിലെ ചേർന്ന ഉന്നതലയോഗം വിലയിരുത്തി. വിധി വരുന്ന പശ്ചാത്തലത്തില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളാണ് യോഗത്തിൽ വിലയിരുത്തിയത്.