Wednesday, 22nd January 2025
January 22, 2025

ബാങ്കിന്റ നികുതി വേട്ടയാടില്ല : ഭവന, വാഹന വായ്പ പലിശ കുറയും

  • August 24, 2019 1:27 am

  • 0

ന്യൂഡൽഹി ∙ ഭവന, വാഹന വായ്പകൾ ഉദാരമാകാൻ സഹായിക്കുന്നതുൾപ്പെടെ വിപണിയെ ഊർജിതപ്പെടുത്തി സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താനുള്ള നടപടികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ‘മിനി ബജറ്റി’നു തുല്യമായ പ്രഖ്യാപനങ്ങളാണ് നടത്തിയത്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്കായുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ അടുത്തയാഴ്ചയുണ്ടാകും. നികുതിദായകരെ വേട്ടയാടരുതെന്ന് ഉദ്യോഗസ്ഥരോടു മന്ത്രി പറഞ്ഞു.
ബാങ്കുകൾ, വായ്പ
∙പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന ഉത്തേജനത്തിനു പ്രഖ്യാപിച്ച 70,000 കോടി രൂപ ഉടൻ ലഭ്യമാക്കും. ഇതോടെ വായ്പയ്ക്കുള്ള പണലഭ്യതയേറും. കോർപറേറ്റ് സ്ഥാപനങ്ങൾക്കും ചെറുകിട ഇടപാടുകാർക്കും വ്യാപാരികൾക്കും മെച്ചം.
∙പലിശ നിരക്കിലെ ഇളവുകൾ ബാങ്കുകൾ എല്ലാ വായ്പകൾക്കും ലഭ്യമാക്കും.
∙റിപോ നിരക്കിനെ പലിശ നിരക്കുമായി ബന്ധപ്പെടുത്തും. ഇത് ഭവന, വാഹന, ചെറുകിട വായ്പകൾക്കു ഗുണകരം. വ്യവസായങ്ങളുടെ പ്രവർത്തന മൂലധന വായ്പകൾക്കും ആനുകൂല്യം.
∙പൊതുമേഖലാ ബാങ്കുകൾ വായ്പ തിരിച്ചടവു പൂർത്തിയായി 15 ദിവസത്തിനകം വായ്പ േരഖകൾ തിരിച്ചു നൽകും.
∙വായ്പ അപേക്ഷയുടെ പുരോഗതി ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷകർക്കു മനസ്സിലാക്കാം.
∙ഒറ്റത്തവണ വായ്പ തീർപ്പാക്കലിന് ബാങ്കുകൾ സുതാര്യ നയം നടപ്പാക്കും. മാനദണ്ഡങ്ങൾ പാലിച്ചാൽ കാലതാമസമില്ലാതെ വായ്പ തീർപ്പാക്കാൻ അനുവദിക്കും. തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം
∙ ഭവന വായ്പ നൽകുന്ന കമ്പനികൾക്ക് (എച്ച്എഫ്സി) ദേശീയ ഹൗസിങ് ബോർഡ് 20,000 കോടിയുടെ പണ ലഭ്യതകൂടി ഉറപ്പാക്കും. നിലവിലിത് 10,000 കോടിയാണ്.
∙ഭവന, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികൾക്ക് ദീർഘകാല വായ്പ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് സ്ഥാപനമുണ്ടാക്കും.
∙ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങൾ (കെവൈസി) ആധാർ നമ്പർ പദ്ധതിയിലൂടെ. വീണ്ടും വിവരങ്ങൾ ശേഖരിക്കുന്നത് ഒഴിവാകും.
ഓഹരി
∙ഡിമാറ്റ് അക്കൗണ്ട് തുറക്കാനും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ആധാർ അധിഷ്ഠിത കെവൈസി അനുവദിക്കും. ചെറുകിട നിക്ഷേപകർക്കു ഗുണകരം.
വാഹന മേഖല
∙അടുത്ത മാർച്ച് 30 വരെ വാങ്ങുന്ന ബിഎസ്–4 വാഹനങ്ങൾ റജിസ്ട്രേഷൻ കാലാവധി അവസാനിക്കും വരെ ഉപയോഗിക്കാം.
∙വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് പരിഷ്കരണം അടുത്ത ജൂൺ വരെ മാറ്റിവച്ചു.
∙അടുത്ത മാർച്ച് 30 വരെ വാങ്ങുന്ന ഏതു വാഹനത്തിനും മൂല്യശോഷണത്തോത് (ഡിപ്രീസിയേഷൻ) 30%. നികുതിയിനത്തിൽ ഇത് ഗുണകരം.
∙സർക്കാർ വകുപ്പുകളിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള നിരോധനം നീക്കി.
∙കാലഹരണപ്പെട്ട വാഹനങ്ങൾ പൊളിച്ചുവിൽക്കുന്നതിനുള്ള ആനുകൂല്യം സംബന്ധിച്ച നയം കൊണ്ടുവരും. വിൽക്കുന്നവർക്കു പുതിയ വാഹനം വാങ്ങുമ്പോൾ ഉപയോഗിക്കാൻ കൂപ്പൺ ലഭ്യമാക്കും.
സംരംഭങ്ങൾ
∙ചെറുകിട, ഇടത്തരം, നാമമാത്ര (എംഎസ്എംഇ) സംരംഭങ്ങൾക്ക് നിലവിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനത്തിൽ തിരികെ ലഭിക്കാനുള്ള പണം 30 ദിവസത്തിനകം ലഭ്യമാക്കും. ഭാവിയിൽ, അപേക്ഷ നൽകി 60 ദിവസത്തിനകം ജിഎസ്ടി റീഫണ്ട്.
∙എംഎസ്എംഇകൾക്കു കമ്പനികളിൽ നിന്നുള്ള പണം ലഭിക്കാനുള്ള സംവിധാനം സുഗമമാക്കും. ഇതിനായി നിലവിലുള്ള ട്രേഡ് റിസീവബ്ൾ ഡിസ്കൗണ്ടിങ് സംവിധാനത്തെ (ട്രെഡ്സ്) ജിഎസ്ടിയുമായി ബന്ധപ്പെടുത്തും.
ഒാഹരിവരുമാനം: വർധിപ്പിച്ച സർചാർജ് പിൻവലിച്ചു
ഓഹരികളിൽ നിന്നുള്ള മൂലധന വരുമാനത്തിന് ബജറ്റിൽ പ്രഖ്യാപിച്ച വർധിത സർചാർജ് പിൻവലിച്ചു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങൾക്കു സർചാർജ് ഇല്ല. ഓഹരികളിലുള്ള ആഭ്യന്തര നിക്ഷേപത്തിനും സർചാർജ് ഇല്ല.
∙വിദേശത്തു നിന്ന് പോർട്ട്ഫോളിയോകളിലുൾപ്പെടെ നിക്ഷേപിക്കുന്നവർക്ക് കെവൈസി വ്യവസ്ഥകൾ ഉദാരമാക്കും.
∙റജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾക്കും അവയിലെ മൂലധനനിക്ഷേപങ്ങൾക്കും നികുതി (എയ്ഞ്ചൽ ടാക്സ്) ഇളവ്. സ്റ്റാർട്ടപ്പുകളുടെ ആദായ നികുതി പ്രശ്നം പരിഹരിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അംഗത്തിന്റെ മേൽനോട്ടത്തിൽ സംവിധാനമുണ്ടാക്കും.
∙ഒക്ടോബർ 1 മുതൽ ആദായ നികുതി നോട്ടിസ്, സമൻസ്, ഉത്തരവ് എന്നിവ കേന്ദ്രീകൃത കംപ്യൂട്ടർ സംവിധാനത്തിലൂടെ മാത്രം.
ഇതിനായി സവിശേഷ തിരിച്ചറിയൽ നമ്പർ (ഡിഐഎൻ) ലഭ്യമാക്കും.