സിനിമ നിര്‍മ്മിക്കാന്‍ പണം വാങ്ങി പറ്റിച്ചെന്ന് കേസ്; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍
May 7, 2021 11:26 am
0
ആലപ്പുഴ: ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സാമ്ബത്തിക തട്ടിപ്പ് കേസില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ് നടന്നത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒടിയന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. ആലപ്പുഴ ഡി വൈ എസ്‍ പി പൃഥ്വിരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
സിനിമ നിര്‍മ്മിക്കാനായി ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സിനിമ നിര്‍മ്മിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാര്‍ മേനോന്‍ ഈ വ്യവസായ ഗ്രൂപ്പില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ സിനിമ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാര്‍ മേനോനില്‍ നിന്ന് ഉണ്ടായില്ലെന്നാണ് പരാതി.
കേസില്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി ജാമ്യാപേക്ഷ തളളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. പൊലീസ് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്‌തു വരികയാണെന്നാണ് വിവരം.