കോടികളുടെ നഷ്ടവുമായി പിഎസ്‌സി
November 9, 2019 4:00 pm
0
കോടികളുടെ നഷ്ടമാണു പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയ ശേഷവും ഉദ്യോഗാർഥികൾ കൂട്ടത്തോടെ വിട്ടുനിൽക്കുന്നതു പിഎസ്‌സിക്കുണ്ടാക്കുന്നത്. കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കഴിഞ്ഞ മാസം 26ന് നടന്ന വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ (വിഇഒ) തസ്തികയ്ക്കു പരീക്ഷയിൽ 1,92,409 പേർ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയിരുന്നു. എന്നാൽ എഴുതിയത് 97,498 പേർ മാത്രം. ബാക്കി 94,911 പേർ മുങ്ങി.വിവിധ തസ്തികകൾക്കു പിഎസ്‌സിയിൽ അപേക്ഷ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ എണ്ണത്തിൽ വൻ വർധന.
ഇതേ തസ്തികയ്ക്കു തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒക്ടോബര്‍ 12ന് നടത്തിയ പരീക്ഷയിലും ഇതുതന്നെയായിരുന്നു അവസ്ഥ. 2,04,444 പേർ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയിരുന്നെങ്കിലും പകുതിപ്പേരേ എത്തിയുള്ളൂ. കൊല്ലം ജില്ലയിൽ 83,904 പേരാണു വിഇഒ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയത്. പരീക്ഷയ്ക്ക് എത്തിയത് 48,039 പേർ. ഇടുക്കി ജില്ലയിൽ കൺഫർമേഷൻ നൽകിയ 43,865 പേരിൽ 11,394 പേരും കണ്ണൂർ ജില്ലയിൽ 64,640 പേരിൽ 38,065 പേരും മാത്രമാണ് പരീക്ഷ എഴുതിയത്.
തിരുവനന്തപുരം ജില്ലയിൽ 1,24,162 പേരാണു കൺഫർമേഷൻ നൽകിയത്. ഇവരിൽ 69,942 പേർ മാത്രമേ എഴുതിയുള്ളൂ. കോഴിക്കോട് ജില്ലയിൽ കൺഫർമേഷൻ നൽകിയ 80,282 പേരിൽ 39,900 പേരാണു പരീക്ഷയ്ക്കെത്തിയത്. ചോദ്യപേപ്പർ, ഉത്തരക്കടലാസ്, പരീക്ഷാകേന്ദ്രം തുടങ്ങിയവ തയാറാക്കുന്നതിനായി ഒരു ഉദ്യോഗാർഥിക്കു നൂറിലധികം രൂപയാണു പിഎസ്‌സിക്കു ചെലവ്.
വിഇഒ പരീക്ഷ രണ്ടു ലക്ഷത്തോളം പേർ എഴുതാതിരുന്നപ്പോൾ രണ്ടു കോടിയോളം രൂപ പിഎസ്‌സിക്ക് നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. അപേക്ഷ നൽകി പരീക്ഷ എഴുതാത്തവരുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോഴാണു കൺഫർമേഷൻ രീതി നടപ്പാക്കിയത്. ഈ പരിഷ്കാരവും പ്രയോജനപ്പെടുന്നില്ലെന്നു പിഎസ്‌സി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.