അയോധ്യ വിധി; കാസര്‍കോട് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ
November 9, 2019 10:41 am
0
കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത.മുഖ്യമന്ത്രി വിധി എന്തുതന്നെയായാലും സംയമനത്തോടെ പ്രതികരിക്കണമെന്ന് അഭ്യര്‍ഥിച്ചു. സമൂഹമാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകും.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പ്രത്യേക സുരക്ഷ ഏര്‍പ്പാടാക്കി. ഇവിടങ്ങളില്‍ പൊലീസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ആരാധനാലയങ്ങളിലും പൊലീസ് സംരക്ഷണം ഉറപ്പാക്കി. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച അര്‍ധ രാത്രിവരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. വിധിയെ സമാധാനപരമായി സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക് പോസ്റ്റില്‍ അഭ്യര്‍ഥിച്ചു. വിധിയെന്തുതന്നെയായാലും പ്രതികരണങ്ങള്‍ സംയമനത്തോടെയാകണം.
ബാബറി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണമെന്ന് പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. അതീവ ജാഗ്രത പാലിക്കാന്‍ പൊലീസിനു നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.