
അഞ്ചലിലെ ദൃശ്യം മോഡല്‍ കൊലപാതകം; മൃതദേഹാവശിഷ്ടം കണ്ടെടുത്തു
April 21, 2021 1:33 pm
0
അഞ്ചല്: അഞ്ചല് ഭാരതീപുരത്ത് രണ്ട് വര്ഷം മുന്പ് കൊന്നുകുഴിച്ചിട്ട ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. പൊലീസും ഫോറന്സിക് സംഘവും നടത്തിയ ഒന്നര മണിക്കൂര് നീണ്ട പരിശോധനയ്ക്കൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങള് കണ്ടെത്തിയത്. സ്ലാബിനടിയില് ചാക്കില് കെട്ടിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങള് കണ്ടെടുത്തത്.
ഭാരതീപുരം പള്ളിക്കിഴക്കതില് വീട്ടില് ഷാജി പീറ്ററി(44)ന്റെ തിരോധാനമാണ് തിങ്കളാഴ്ച വൈകുന്നേരം മദ്യപിച്ച് പൊലീസ് സ്റ്റേഷനില് എത്തിയ ബന്ധുവിന്റെ വെളിപ്പെടുത്തലില് ചുരുളഴിഞ്ഞത്. സംഭവത്തില് ഷാജിയുടെ സഹോദരന് സജിന് പീറ്ററിനെയും അമ്മയെയും ഏരൂര് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉറങ്ങാന് കഴിയുന്നില്ലെന്നും ഷാജി സ്വപ്നത്തിലെത്തി തന്റെ മരണത്തെപ്പറ്റി ആരും അന്വേഷിക്കാത്തത് എന്തെന്ന് ചോദിച്ചെന്നുമാണ് ബന്ധു ചൊവ്വാഴ്ച പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ്കുമാറിനോട് വെളിപ്പെടുത്തിയത്. മദ്യലഹരിയില്‍ ഇയാള് പറഞ്ഞത് പൊലീസ് ആദ്യം മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാല്, വൈകുന്നേരംവരെ ഡിവൈഎസ്പി ഓഫീസിലിരുന്ന ഇയാള് പറഞ്ഞതില് ഉറച്ചുനിന്നു. തുടര്ന്ന് വിവരം പുനലൂര് ഡിവൈഎസ്പിക്ക് കൈമാറി.
നിരവധി മോഷണക്കേസുകളില് പ്രതിയായ ഷാജിയെ രണ്ടു വര്ഷം മുമ്ബാണ് കാണാതായത്. ഷാജി എവിടെയൊ മാറി താമസിക്കുകയാണെന്നാണ് വീട്ടുകാര് പൊലീസിനോട് പറഞ്ഞിരുന്നത്. ഷാജിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സജിന് സമ്മതിച്ചെന്നാണ് വിവരം. ഇരുവരും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില് കലാശിക്കുകയായിരുന്നു. തലയ്ക്കടിച്ച് കൊന്നെന്നാണ് സൂചന. തുടര്ന്ന് വീടിനോട് ചേര്ന്ന കിണറിനു സമീപം കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകായിരുന്നു.