Thursday, 23rd January 2025
January 23, 2025

മലയാള സിനിമയെ വീണ്ടും പെട്ടിയിലടച്ച്‌ കൊവിഡ്‌, പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി, റിലീസ് നീളും

  • April 19, 2021 4:05 pm

  • 0

കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം മലയാള സിനിമ മേഖലയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള സൂപ്പര്‍താര ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതോടെ നിര്‍ത്തിവച്ചു.

നടന്‍ ടൊവിനോ തോമസിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് ഒരാഴ്ച മുമ്ബ് നിര്‍ത്തി വച്ചിരുന്നു. നിലവില്‍ പുതുതായി നടക്കാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗും ഇതോടെ അനിശ്ചിതാവസ്ഥയിലാണ്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ സെക്കന്റ് ഷെഡ്യൂള്‍ കര്‍ണാടകയിലും പൊള്ളാച്ചിയിലും ഈരാറ്റുപേട്ടയിലുമായി നടന്നു കൊണ്ടിരിക്കവെയാണ് ടൊവിനോയ്ക്കടക്കം കോവിഡ് പിടിപെട്ടത്തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി.

ആലുവയില്‍ ക്വാറന്റൈനിലാണ് ടൊവിനോ ഇപ്പോള്‍. നടന്റെ ഫിസിക്കല്‍ ട്രെയിനര്‍ക്കും കോവിഡ് പിടിപെട്ടിരുന്നു. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ അടുത്ത ഷെഡ്യൂള്‍ ഇനിയും വൈകും.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ട് ഗോവയില്‍ പുരോഗമിക്കുന്നതിനിടെ പ്രൊഡക്ഷന്‍ ടീമിനടക്കം കോവിഡ് ബാധിച്ചതോടെ ചിത്രീകരണം നിലച്ചു. പൃഥ്വിരാജും നിരവധി വിദേശ താരങ്ങളുമടക്കം പങ്കെടുക്കേണ്ടിയിരുന്ന ഷെഡ്യൂളായിരുന്നു.

സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഷൂട്ടിംഗ് നിര്‍ത്തി വച്ചത്. നവോദയ സ്റ്റുഡിയോയില്‍ സന്തോഷ് രാമന്റെ നേതൃത്വത്തില്‍ സെറ്റ് വര്‍ക്കുകളുടെ പണി നടന്നു കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി. ഇന്‍ഡോര്‍ ഷൂട്ടിംഗ് ആയതിനാല്‍ ജനക്കൂട്ടത്തെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കും.

അമല്‍ നീരദ്മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വത്തിന്റെയും ജോഷിസുരേഷ്ഗോപി ചിത്രമായ പാപ്പന്റെയും ഷൂട്ടിംഗ് ഇന്നലെ ഷെഡ്യൂളായി.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളടക്കം 150 ലേറെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള രംഗങ്ങളാണ് പാപ്പനില്‍ ഇനി ചിത്രീകരിക്കാനുള്ളത്. ആള്‍ക്കൂട്ടത്തെ ഒഴിവാക്കണമെന്ന കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതിന് കഴിയാത്ത സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിര്‍ത്തി വച്ചത്.