അയോധ്യാ കേസ്; സുപ്രീംകോടതി വിധി ഇന്ന്
November 9, 2019 10:00 am
0
ഇന്നു സുപ്രീം കോടതി അയോധ്യ കേസിൽ വിധി പറയും. വിധി പറയുക ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. നാൽപ്പത് ദിവസം തുടർച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസിൽ വിധിപറയാൻ കോടതിയൊരുങ്ങുന്നത്. 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയുക. വിധിക്ക് മുന്നോടിയായി രാജ്യം അതീവ ജാഗ്രതയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തില്‍ പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം.
പലതലത്തില്‍ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയൂടെ രണ്ടിരട്ടി പ്രായമുണ്ട്. ഒക്ടോബർ 16 നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിലേക്ക് 4,000 സായുധ സൈനികരെ വിന്യസിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിധിക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിലയിരുത്തി. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്രകുമാര്‍ തിവാരി, പൊലീസ് മേധാവി ഓം പ്രകാശ് സിങ് എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് ചേംബറില്‍ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. വിധി വരുന്ന പശ്ചാത്തലത്തില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ യോഗത്തിൽ വിലയിരുത്തി