Friday, 2nd May 2025
May 2, 2025

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസം മാറ്റിവച്ചാല്‍ ചത്തുപോകുമോ? മൂന്നുമാസത്തേക്ക് ഗവണ്‍മെന്റില്ലെങ്കില്‍ ചത്തുപോകുമോ ? പി.സി ജോര്‍ജ്

  • April 16, 2021 3:18 pm

  • 0

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് അഹ്വാനം ചെയ്ത് പി സി ജോര്‍ജ് എംഎല്‍എ. നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് അടക്കമുള്ള തന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളിയ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു കൊണ്ടാണ് ഫേസ്ബുക്ക് വീഡിയോ വഴിയുള്ള പൂഞ്ഞാര്‍ എംഎല്‍എയുടെ ആഹ്വാനം.

പി.സി ജോര്‍ജിന്റെ വാക്കുകള്‍:

കൊറോണ ഇന്ന് ലോകവ്യാപകമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും കേരളത്തിലും വളരെ വേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ അപകടം മുന്നില്‍ കണ്ടുകൊണ്ട് ഞാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിനയപുരസരം ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചുഅവര്‍ സമ്മതിച്ചില്ല.

ഇലക്ഷന്‍ കമ്മീഷനോട് ഞാന്‍ നിര്‍ബന്ധിച്ചു, സമ്മതിച്ചില്ല. ഞാന്‍ പറഞ്ഞു, നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച്‌ നടത്താമെന്ന് ഞാന്‍ പറഞ്ഞു, സമ്മതിച്ചില്ല. ഗവണ്‍മെന്റിന് നിര്‍ബന്ധമായിരുന്നു എല്ലാം നടത്തണമെന്ന്.

ഇപ്പൊ എവിടെപ്പോയി? നിയമസഭാ തിരഞ്ഞെടുപ്പെങ്കിലും മാറ്റിവെക്കാന്‍ ഞാന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസം മാറ്റിവച്ചാല്‍ ചത്തുപോകുമോ? മൂന്നുമാസത്തേക്ക് ഗവണ്‍മെന്റില്ലെങ്കില്‍ ചത്തുപോകുമോ എനിക്ക് മനസിലാകുന്നില്ല.

ഞാന്‍ ഹൈക്കോടതിയെയും സമീപിച്ചു. ഹൈക്കോടതി കമന്റ് വന്നപ്പോഴേക്കും ഗവണ്‍മെന്റ് അവിടെയും ഹാജരായി. ഒരു കാരണവശ്ശാലും മാറ്റിവെക്കാന്‍ പറ്റില്ല, എല്ലാം സജ്ജമാണ്, ഇവിടെ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല, കൊറോണക്കെതിരായ നടപടികളെല്ലാമായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ഡയറക്ടറുടെ കത്തും കൊടുത്തുകൊണ്ട്, തിരഞ്ഞെടുപ്പ് നടത്തി.

ഇപ്പോള്‍ എവിടെപ്പോയി. ആര് ഉത്തരവാദിത്വം പറയും, ഒന്ന് ആലോചിച്ചേ. ഇപ്പോള്‍ ഒറ്റ അപേക്ഷയെ എനിക്ക് ജനങ്ങളോടുളളൂ ഈ ഗവണ്‍മെന്റും അധികാരവര്‍ഗ്ഗവും പറയുന്നത് കേള്‍ക്കാതെ സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നിങ്ങള്‍ ഒറ്റയ്ക്ക്, ഓരോരുത്തരം ഏറ്റെടുക്കണം.

അതില്‍ പ്രധാനപ്പെട്ട കാര്യം ചെയ്യാനുള്ളത് രണ്ട് ആഴ്ച്ചത്തേക്ക് ഒരാളും പോലും വീട്ടില്‍ നിന്നും ഇറങ്ങരുത്. വീട്ടില്‍ നിന്ന് ഇറങ്ങുന്നില്ല തീരുമാനം, എല്ലാ കാര്യവും വീട്ടില്‍, വീടിന് പുറത്തിറങ്ങരുത്, മുറ്റത്ത് പോലും കഴുമെങ്കില്‍ ഇറങ്ങാതിരിക്കുക, ആ രണ്ടാഴ്ച കൊണ്ട് ഈ കോറോണയെ നമ്മള്‍ക്ക് ഈ നാട്ടില്‍ നിന്നും ആട്ടി പായിക്കാന്‍ പറ്റും.

അതിന് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എല്ലാ ജനങ്ങളോടും അഭ്യര്ഥിക്കുകയാണ്,’ പി സി ജോര്‍ജ് വീഡിയോയില്‍ പറയുന്നു.